എച്ച് എസ് ആർ പി രജിസ്ട്രേഷൻ
2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച് എസ് ആർ പി) ലഭിക്കുന്നതിനുള്ള നടപടികൾ വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (എസ് ഐ എ എം) വെബ്സൈറ്റ് വഴിയാണ് നമ്പർ പ്ലേറ്റിനായി അപേക്ഷിക്കേണ്ടത്.
താൽക്കാലിക ക്രമീകരണമെന്ന നിലയിൽ, 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഓട്ടോമേറ്റഡ് പരിശോധനാ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി എത്തിച്ചാൽ രണ്ടാഴ്ചത്തേക്ക് നേരിട്ടുള്ള പരിശോധനയ്ക്ക് അനുമതി നൽകും. ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും (ആർ ടി ഒ), സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും (എസ് ആർ ടി ഒ) ഈ സൗകര്യം ലഭ്യമാകും. ഉത്തരവ് പുറപ്പെടുവിച്ച തിയതി മുതലാണ് രണ്ടാഴ്ചത്തെ കാലാവധി കണക്കാക്കുന്നത്.
https://www.siam.in സന്ദർശിച്ച് 'BOOK HSRP' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്. തുടർന്ന് വാഹനത്തിന്റെ വിഭാഗം, കമ്പനി, നമ്പർ പ്ലേറ്റ് ഘടിപ്പിക്കേണ്ട സ്ഥലം, ഡീലർ എന്നിവ തിരഞ്ഞെടുക്കണം. ആവശ്യമായ തുക ഓൺലൈനായി അടച്ചശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. നൽകുന്നതോടെ അപേക്ഷ പൂർത്തിയാകും.
കാറുകൾ ഉൾപ്പെടെയുള്ള ചെറുകിട മോട്ടോർ വാഹനങ്ങൾക്ക് ഒരു സെറ്റ് നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിന് 600 രൂപയും നികുതിയും നൽകണം. ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയും നികുതിയുമാണ് നിരക്ക്. നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിനുള്ള ചെലവും ഈ തുകയിൽ ഉൾപ്പെടും.
ബുക്ക് ചെയ്യുന്നതിനായി (https://siam.in/hrspsubmit.aspx?mpgid=91&pgidtrail=91) ലിങ്ക് ഉപയോഗിക്കാം. ബുക്കിങ് പൂർത്തിയായാൽ അപേക്ഷകന് എസ് എം എസ് മുഖേനെ അറിയിപ്പുകൾ ലഭിക്കും. പ്ലേറ്റ് പ്രിന്റിങ് ആരംഭിക്കുമ്പോഴും തിരഞ്ഞെടുത്ത ഡീലർ അല്ലെങ്കിൽ ഫിറ്റ്മെന്റ് കേന്ദ്രത്തിൽ എച്ച് എസ് ആർ പി എത്തുമ്പോഴും തുടർ അറിയിപ്പുകളും മൊബൈലിൽ ലഭിക്കും.
- Log in to post comments