Skip to main content

പേഴയ്ക്കാപ്പിള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 'പുസ്തകപ്പുര', 'പുസ്തകസഞ്ചി' പദ്ധതികൾക്ക് തുടക്കമായി

വിദ്യാർഥികളിൽ  വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'പുസ്തകപ്പുര', 'പുസ്തകസഞ്ചി' പദ്ധതികൾക്ക് ഔദ്യോഗിക തുടക്കമായി. പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സ്കൂൾ വായനശാലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി നിർവഹിച്ചു. 

പുസ്തകപ്പുര പദ്ധതിയുടെ ഭാഗമായി എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളുടെ പ്രദർശനവും ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ വായനാനുഭവങ്ങൾ പങ്കുവെക്കലും നടക്കും. കൂടാതെ, പുസ്തകസഞ്ചി പദ്ധതിയിലൂടെ കുട്ടി ലൈബ്രേറിയന്മാരുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിലേക്ക് പുസ്തകങ്ങൾ എത്തും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കുന്നതിനും തങ്ങൾ വായിച്ച വിവരങ്ങൾ കൂട്ടുകാരുമായി പങ്കുവെക്കുന്നതിനും അവസരമൊരുങ്ങും.

ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി.ബി. സന്തോഷ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് എം. സുജാത, ലൈബ്രറി ഇൻചാർജ് പി സബിത, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date