യുഡിഐഡി കാർഡ് വിതരണത്തിൽ മികച്ച മുന്നേറ്റവുമായി കേരളം; അപേക്ഷകളിൽ 95 ശതമാനവും തീർപ്പാക്കി
സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യുഡിഐഡി (യുണീക്ക് ഡിസെബിലിറ്റി ഐഡി) കാർഡ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കേരളം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ലഭിച്ച ആകെ 5,21,250 അപേക്ഷകളിൽ 4,95,482 എണ്ണവും തീർപ്പാക്കി കഴിഞ്ഞു. ഇത് മൊത്തം അപേക്ഷകളുടെ 95.06 ശതമാനമാണ്. ഇതിനകം 4,54,789 പേർക്ക് കാർഡുകൾ വിതരണം ചെയ്തപ്പോൾ നിലവിൽ 25,768 അപേക്ഷകൾ മാത്രമാണ് ബാക്കിയുള്ളത്. അർഹരായ മുഴുവൻ ഭിന്നശേഷിക്കാർക്കും കാർഡ് ലഭ്യമാക്കി സംസ്ഥാനത്ത് സമ്പൂർണ നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് സാമൂഹ്യനീതി വകുപ്പ് അറിയിച്ചു.
പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിനായി എല്ലാ ജില്ലാ കളക്ടറേറ്റുകളിലും നോഡൽ ഓഫീസർമാരെ നിയോഗിക്കുകയും ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കായി 113 സർക്കാർ ആശുപത്രികളിലൂടെയുള്ള പരിശോധനകൾക്ക് പുറമെ, കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രത്യേക ഭിന്നശേഷി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള 24,701 അപേക്ഷകർക്ക് അടുത്ത രണ്ട് മാസത്തിനകം കാർഡുകൾ ലഭ്യമാക്കും. അതേസമയം നിലവിൽ സാധുവായ സർട്ടിഫിക്കറ്റ് കൈവശമുള്ള 1,067 പേർ വീണ്ടും പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ വഴി ഇവർക്ക് ഉടൻ കാർഡ് വിതരണം ചെയ്യുമെന്നും വകുപ്പ് അറിയിച്ചു.
മെഡിക്കൽ ബോർഡുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സ്വകാര്യ മേഖലയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കൂടി ബോർഡുകളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ എസ്ഒപി പ്രകാരം രണ്ട് മാസത്തിനിടെ അഞ്ച് തവണ അറിയിപ്പ് നൽകിയിട്ടും മെഡിക്കൽ പരിശോധനയ്ക്ക് എത്താത്തവർ, ഭിന്നശേഷി സ്ഥിരീകരിക്കാത്തവർ, മരണപ്പെട്ടവർ എന്നിവരുടെ അപേക്ഷകൾ ഒഴിവാക്കി പോർട്ടലിലെ അനാവശ്യ പെൻഡിങ് കുറയ്ക്കാനും നടപടിയുണ്ടാകും. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷിക്കാരെ കണ്ടെത്താൻ പ്രത്യേക സർവേ നടത്തും. മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിൽ പരാതിയുള്ളവർക്ക് 90 ദിവസത്തിനുള്ളിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്.
ജില്ലാതല കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ പേർക്ക് യുഡിഐഡി കാർഡ് വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പെൻഡിങ് അപേക്ഷകളുള്ളത് വയനാട് ജില്ലയിലുമാണ്. റവന്യൂ, ആരോഗ്യം, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായി ഏകോപിപ്പിച്ചാണ് ബാക്കിയുള്ള അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നത്.
പി.എൻ.എക്സ്. 4740/2026
- Log in to post comments