പരീക്ഷാ പരിഷ്ക്കരണം; ഉന്നതതല സമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി
രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആലോചിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ പരീക്ഷാ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതതല സമിതി (High-Powered Task Force on Exam Reforms) പ്രതിനിധികളുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ചർച്ച നടത്തി.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, സമിതി സ്ഥിരം ക്ഷണിതാവ് ശങ്കർ മാരുവാഡ, ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി (NRA) സെക്രട്ടറി-കം-പരീക്ഷാ കൺട്രോളറും കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായ പി. ബാല കിരൺ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
നിലവിലെ പരീക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനൊപ്പം പരീക്ഷകൾ കൂടുതൽ സുതാര്യമായും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും നടത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പരീക്ഷാ രീതികൾ, ചോദ്യപേപ്പറുകളുടെയും പരീക്ഷാ നടത്തിപ്പിന്റെയും സുരക്ഷ, പരീക്ഷാ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി (CBT) നടപ്പാക്കുന്നതും അതിനാവശ്യമായ സ്ഥാപനപരവും സാങ്കേതികവുമായ ക്രമീകരണങ്ങളും ചർച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നു. പരീക്ഷാ സംവിധാനത്തെ കൂടുതൽ വിശ്വാസ്യതയുള്ളതും സുരക്ഷിതവും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള വിവിധ പരിഷ്കരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്., മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കർ, ഒ.എസ്.ഡി ഉമേഷ് എൻ.എസ്.കെ., പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ, പ്രവേശന പരീക്ഷാ കമ്മീഷണറും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുമായ ആസിഫ് കെ. യൂസഫ് , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥ് ഡി., പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണർ മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 4741/2026
- Log in to post comments