Skip to main content

വൈജ്ഞാനിക ഗ്രന്ഥങ്ങൾ കൂടുതൽ പ്രസിദ്ധീകരിക്കണം: മന്ത്രി പി സി വിഷ്ണുനാഥ്

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ മലയാളത്തിൽ കൂടുതൽ വൈജ്ഞാനിക ഗ്രന്ഥങ്ങൾ പുറത്തിറക്കേണ്ടതുണ്ടെന്നും വിജ്ഞാന മേഖല വളർത്തുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ടിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച വൈജ്ഞാനിക പുസ്തകോത്സവത്തിന്റ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രന്ഥശാലകൾ പുസ്തകങ്ങൾ വാങ്ങുമ്പോൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും വൈജ്ഞാനിക ഗ്രന്ഥങ്ങൾ 30 ശതമാനം ഉൾപ്പെടുത്തണമെന്ന ഉത്തരവ് കാര്യക്ഷമമായി നടപ്പിലാക്കാൻ നടപടി സ്വീകരിക്കും. ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാഷാ പരിപോഷണത്തിന് ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന സംഭാവനകളെയും മന്ത്രി അഭിനന്ദിച്ചു.

ഡോ. എം.ജി. ശശിഭൂഷൺ സമാഹരിച്ച പ്രൊഫ. എസ്. ഗുപ്തൻ നായരുടെ സമ്പൂർണ കൃതികളുടെ വാല്യം രണ്ടും സ്വാമി സംപ്രസാദിന്റെ വ്യാഖ്യാനത്തോടെയുള്ള ശ്രീനാരായണ ഗുരുദേവന്റെ ദർശനമാലയുടെ ഒന്ന്, രണ്ട് വാല്യങ്ങളും മന്ത്രി പ്രകാശനം ചെയ്തു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ ജയകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോ. അച്യുത്ശങ്കർ എസ്, കാലടി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. കെ. എസ് രവികുമാർ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഡയറക്ടർ ഇൻ ചാർജ് വിനയൻ വി എസ് തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 4743/2026

date