Skip to main content

മഞ്ചേരിയില്‍ അത്യാധുനിക ട്രാഫിക് സിഗ്‌നലുകളും പുതിയ ബസ് ബേയും പ്രവര്‍ത്തനസജ്ജമായി

നഗരത്തിലെ ദിനംപ്രതിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമൊരുക്കി മഞ്ചേരി കൂടുതല്‍ സുഗമമായ യാത്രകളിലേക്ക്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ സെന്‍ട്രല്‍ ജങ്ഷനിലും ജസീല ജങ്ഷനിലും പുതുതായി സ്ഥാപിച്ച അത്യാധുനിക ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള ആദ്യ ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫും അഡ്വ. എം. റഹ്‌മത്തുല്ല എം.എല്‍.എ നിര്‍വഹിച്ചു.

ഒരേസമയം രണ്ടു ദിശകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ സാധിക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമാണ് ജസീല ജങ്ഷനിലും സെന്‍ട്രല്‍ ജങ്ഷനിലും ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ, അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ സജ്ജമായതോടെ മലപ്പുറം ഭാഗത്തേക്കുള്ള ബസുകള്‍ പുതിയ ടെര്‍മിനല്‍ വഴി സര്‍വീസ് ആരംഭിക്കുകയും ചെയ്തു. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനും ഉപകാരപ്രദമാകും.

മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, മഞ്ചേരി ട്രാഫിക് യൂണിറ്റ് എസ്.ഐ. കെ.കെ. അബ്ദുല്‍ ബഷീര്‍, രാഷ്ട്രീയ-സാമൂഹിക-വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date