Skip to main content

ഉന്നതി ഭവന സര്‍വേ പൂര്‍ത്തിയായി; നൂറ് കുടുംബങ്ങള്‍ക്ക് പുതിയ വീട് ആവശ്യവമെന്ന് കണ്ടെത്തല്‍

നിലമ്പൂര്‍ നഗരസഭാ പരിധിയിലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവനപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന 'ഉന്നതി ഭവന പദ്ധതി'യുടെ ഭാഗമായി നഗരസഭയും ഐ.ടി.ഡി.പി.യും സംയുക്തമായി നടത്തിയ പ്രാഥമിക ഭവന സര്‍വേ പൂര്‍ത്തിയായി. അഞ്ച് ദിവസം നീണ്ട സര്‍വേയില്‍ 13 ഉന്നതികളിലായി 216 വീടുകള്‍ പരിശോധിച്ചതില്‍ 100 കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ ആവശ്യമാണെന്ന് കണ്ടെത്തി.

ചേലശ്ശേരിക്കുന്ന്, സി.എച്ച്, ഇയ്യംമട, തെക്കുംപാടം, തോണിപ്പൊയില്‍, മുകര്‍ശ്ശി, വല്ലപ്പുഴ, പാടിക്കുന്ന്, കല്ലേമ്പാടം, ചക്കപ്പാലി, വരടേമ്പാടം, നല്ലംതണ്ണി, മുതീരി എന്നീ ഉന്നതികളിലാണ് ഭവനാവശ്യം കണ്ടെത്തിയിട്ടുള്ളത്. പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനായി വീടുകളുടെ നിലവിലെ അവസ്ഥയും കുടുംബങ്ങളുടെ സാഹചര്യവും വിലയിരുത്തിയാണ് സര്‍വേ നടത്തിയത്. തുടര്‍നടപടികളുടെ ഭാഗമായി ഊരുക്കൂട്ടങ്ങള്‍ ചേര്‍ന്ന് ഗുണഭോക്താക്കളുടെ അര്‍ഹതയും മുന്‍ഗണനാക്രമവും നിശ്ചയിക്കും.

ഒരു വീടിന് എട്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതിനായി 46 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനായി തൃക്കൈക്കുത്ത്, അത്തിക്കല്‍ ബീറ്റുകളില്‍ സ്ഥലം ലഭ്യമായിട്ടുണ്ട്. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വി. ജയേഷ്, കൗണ്‍സിലര്‍മാര്‍, ഉന്നതി പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date