വ്യവസായ/അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്ക് എൻ.ഓ.സി നിർബന്ധം
അടിസ്ഥാന സൗകര്യ വികസന/വ്യവസായ ആവശ്യങ്ങൾക്കായി തുറന്ന കിണറുകൾ, കുഴൽക്കിണറുകൾ, ഫിൽട്ടർ പോയിന്റ് കിണറുകൾ എന്നിവയിൽനിന്ന് ഭൂജലം ഉപയോഗിക്കാൻ കേരള സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപപത്രം (NOC) വേണം. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ, നികുതി രസീത്, ലൊക്കേഷൻ സ്കെച്ച്, കിണർ നിർമാണാനുമതി, NABL അംഗീകൃത ലബോറട്ടറിയുടെ ജലഗുണനിലവാര പരിശോധനാ റിപ്പോർട്ട്, അംഗീകൃത ബിൽഡിംഗ് പ്ലാൻ, മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പ്രവർത്തനാനുമതി, സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ എന്നിവ സഹിതം 3,860 രൂപ അന്വേഷണ ഫീസടച്ച് അപേക്ഷിക്കണം. അടിസ്ഥാന സൗകര്യ വികസന അപേക്ഷകൾ ഭൂജല വകുപ്പ് ജില്ലാ ഓഫീസ് മുഖേന നേരിട്ടും വ്യവസായ ആവശ്യങ്ങൾക്കുള്ളവ കെ-സ്വിഫ്റ്റ് (K-SWIFT) ഓൺലൈൻ പോർട്ടൽ വഴിയുമാണ് നൽകേണ്ടത്.
അപേക്ഷ ലഭിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധനയും ശാസ്ത്രീയ വിലയിരുത്തലും നടത്തും. പമ്പിങ് ടെസ്റ്റിലൂടെ കിണറിന്റെ ജലലഭ്യതയും അനുവദിക്കാവുന്ന ജലശേഖരണ അളവും നിർണയിക്കും; ഇതിനായി 7,490 രൂപ പരിശോധനാ ഫീസടയ്ക്കണം. സമീപത്തെ ജലസ്രോതസ്സുകളെ ബാധിക്കുന്ന സാഹചര്യം, പ്രദേശത്തെ ഭൂജല ലഭ്യത, ജലത്തിൻ്റെ ഗുണനിലവാരം എന്നിവയും വിലയിരുത്തും.
വ്യവസായ ആവശ്യങ്ങൾക്കുള്ള എൻ.ഓ.സിയുടെ കാലാവധി മൂന്ന് വർഷമാണ്. പ്രതിദിനം 2,500 ലിറ്റർ വരെ ഉപയോഗിക്കാൻ അപേക്ഷാഫീസ് 4,000 രൂപയും അതിൽ കൂടുതലായാൽ 10,000 രൂപയുമാണ്. അനുവദിച്ച അളവിൽ കൂടുതൽ ജലം ശേഖരിക്കരുത്; കാലാവധി തീരുംമുമ്പ് അനുമതി പുതുക്കുകയും വേണം.
- Log in to post comments