Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

പരാതി പരിഹാര അദാലത്ത്

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നവംബര്‍ 19ന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതലാണ് അദാലത്ത്. പട്ടികജാതി-പട്ടിക ഗോത്ര വര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരേയും എതിര്‍ കക്ഷികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരില്‍കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പുതിയ പരാതികള്‍ സ്വീകരിക്കും.

വെറ്ററിനറി  ഡോക്ടര്‍

മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ രാത്രികാല  മൃഗചികിത്സാ സേവനത്തിന് താല്‍ക്കാലികമായി ബി.വി.എസ്.സി & എ.എച്ച്. വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.  കണ്ണൂര്‍, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി ബ്ലോക്കുകളില്‍ 89 ദിവസത്തേക്കാണ് നിയമനം.  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ 13ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497-2700267.

ഉള്‍നാടന്‍ മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷന്‍- ഡിസംബര്‍ 31 വരെ പര്‍ച്ചേസ് ബില്ലില്ലാതെ അപേക്ഷിക്കാം

കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമപ്രകാരം ജില്ലയിലെ എല്ലാ ഉള്‍നാടന്‍ മത്സ്യബന്ധന യാനങ്ങളും ഫിഷറീസ് വകുപ്പില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. യാനം വാങ്ങിയതിന്റെയോ നിര്‍മ്മിച്ചതിന്റെയോ ഒറിജിനല്‍ പര്‍ച്ചേസ് ബില്‍ നഷ്ടപ്പെട്ടതിനാല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഉടമകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. ഒറിജിനല്‍ പര്‍ച്ചേസ് ബില്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം 200 രൂപയുടെ മുദ്രപ്പത്രത്തില്‍ നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ഇന്‍ഡെമ്നിറ്റി ബോണ്ടും സമര്‍പ്പിച്ച് യാനം രജിസ്റ്റര്‍ ചെയ്യാം. ഈ പ്രത്യേക ഇളവ് ഡിസംബര്‍ 31 വരെ മാത്രം. 31 ന് ശേഷം രജിസ്‌ട്രേഷനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാനത്തിന്റെ ഒറിജിനല്‍ പര്‍ച്ചേസ് ബില്‍ കര്‍ശനമായും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബോണ്ടിന്റെ മാതൃകക്കുമായി അതത് മത്സ്യഭവനുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2731081.

യൂണിഫോം സേനാ പ്രവേശന പരിശീലനം

ജില്ല പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് യൂണിഫോം സേനാ പ്രവേശനത്തിനുള്ള പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. നവംബര്‍ 17 രാവിലെ 10 മണിക്ക് മയ്യില്‍ ഡ്രോണ്‍ അക്കാദമിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ, എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവ നടത്തും. താല്പര്യമുള്ള പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ ബയോ ഡാറ്റ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, കാഴ്ച ശക്തി (6/6) തെളിയിക്കുന്നതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയും എഴുത്ത് പരീക്ഷയ്ക്ക് ആവശ്യമായ പേന, കായിക ക്ഷമതാ പരീക്ഷയ്ക്ക് ആവശ്യമായ ഷൂസ് എന്നിവയും കൊണ്ടുവരണം. ഫോണ്‍: 04972-700357.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 20 ന് മുമ്പായി വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി സഹിതം താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം.  നിശ്ചിത തീയതിക്കകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം തുടര്‍ പെന്‍ഷന്‍ ലഭിക്കില്ല. 60 വയസ്സില്‍ താഴെ പ്രായമുള്ള കുടുംബപെന്‍ഷന്‍കാര്‍, പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം.  ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മുന്‍ വര്‍ഷം നല്‍കിയിട്ടില്ലാത്തവര്‍ അതും നല്‍കണം. വിലാസം: സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്,  എരഞ്ഞിപ്പാലം(പി.ഒ), കോഴിക്കോട്-673 006, ഫോണ്‍:0495-2360720.

ബസ് ഓപ്പറേറ്റര്‍മാരുമായുള്ള യോഗം ചേര്‍ന്നു

സംസ്ഥാനത്തെ സ്റ്റേജ് ക്യാരേജ് സര്‍വീസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട പരാതികളും കെ.എസ്.ആര്‍.ടി.സി യുടെ പ്രിയദര്‍ശിനി സര്‍വീസുമായി ബന്ധപ്പെട്ട് സ്വകാര്യ സ്റ്റേജ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ ഉന്നയിച്ച പരാതികളും പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബസ് ഓപ്പറേറ്റര്‍മാരും സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുമായി സിറ്റിംഗ് നടത്തി.  
സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെമ്പര്‍  കെ  സുരേഷ് ബാബു, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി വി എം ഷരീഫ്, കെ എസ് ആര്‍ ടി സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ജി പി പ്രദീപ് കുമാര്‍, നാറ്റ്പാക് ടെക്‌നിക്കല്‍ ഓഫീസര്‍  ആര്‍ ജെ സഞ്ജയ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ പരാതികളും നിര്‍ദ്ദേശങ്ങളും കേട്ടു. സ്വകാര്യ ബസ്സ് വ്യവസായത്തെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പ്രിയദര്‍ശിനി സര്‍വീസ് മുന്നോട്ട് കൊണ്ടുപോകുമെന്നും കെ എസ് ആര്‍ ടി സി യെയും സ്വകാര്യ ബസ്സ് ഓപ്പറേറ്റര്‍മാരെയും ഒന്നിച്ച് നിര്‍ത്തിക്കൊണ്ട് പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. കണ്ണൂര്‍ ജോയിന്റ് ആര്‍ ടി ഓ  കെ  വിനോദ് കുമാര്‍, കണ്ണൂര്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഓ  പി പി രാജന്‍ തുടങ്ങിയവരും സിറ്റിംഗില്‍ പങ്കെടുത്തു.

അക്ഷയ സംരംഭക അപേക്ഷകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന 

ജില്ലയില്‍ ഒഴിവുവന്നതും പുതിയതായി അനുവദിച്ചതുമായ അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി മുഖാന്തരം നടത്തിയ ഒ.എം.ആര്‍ പരീക്ഷയില്‍ വിജയിച്ച അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 21 വരെ അക്ഷയ പ്രൊജക്ട് ജില്ലാ ഓഫീസില്‍ നടക്കും. 
രേഖാ പരിശോധനയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, ഹാജരാകേണ്ട തീയതി, സമയം എന്നിവ  https://lbsedp.lbscentre.in/akshaya26/  പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷയുടെ പകര്‍പ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള എല്ലാ രേഖകളുടേയും അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കും. വിലാസം: അക്ഷയ പ്രൊജക്ട് ജില്ലാ ഓഫീസ്, റബ്‌കോ ഹൗസ്, അഞ്ചാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍- 670002. ഫോണ്‍: 0471 2560311 (പോര്‍ട്ടല്‍ സംബന്ധമായ വിവരങ്ങള്‍), 0497 2712987(മറ്റ് വിവരങ്ങള്‍ക്ക്്).

ഇ-ഗ്രാന്റ്‌സ് തുക കൈപ്പറ്റണം

നടുവില്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിപ്പോയവര്‍ക്കും ഇപ്പോള്‍ പഠനം നടത്തുന്നവര്‍ക്കുമുള്ള ഇ-ഗ്രാന്റ്‌സ് തുക അനുവദിച്ചു. ഫീസാനുകൂല്യമുള്ള വിദ്യാര്‍ത്ഥികളാരെങ്കിലും പരീക്ഷാഫീസ് നേരിട്ട് അടച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ നവംബര്‍ 24 വൈകുന്നേരം നാല് മണിക്ക് മുമ്പ് ഓഫീസില്‍ ലഭ്യമാക്കണം. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

date