ജില്ലാ ശിശുദിനാഘോഷം നാളെ മണാശ്ശേരിയിൽ; പരിപാടികൾക്ക് കുട്ടിനേതാക്കൾ നേതൃത്വം നൽകും
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ശിശുദിനാഘോഷം നാളെ (നവംബർ 13) മണാശ്ശേരി ഗവൺമെന്റ് യു. പി. സ്കൂളിൽ നടക്കും. ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകാൻ കുട്ടികളുടെ നേതാക്കളെയും തിരഞ്ഞെടുത്തു കഴിഞ്ഞു.
നാളെ രാവിലെ ഒൻപതിന് മണാശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന ശിശുദിന റാലിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10 ന് മണാശ്ശേരി ഗവൺമെന്റ് യു.പി. സ്കൂളിൽ നടക്കുന്ന ശിശുദിന സമ്മേളനത്തിൽ സി. കെ. കാസിം എം. എൽ. എ., നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. കെ. ചാന്ദിനി, എ. ഡി. എം. കെ. ഷെറീന എന്നിവർ മുഖ്യാതിഥികളായി എത്തും. പൂർണമായും കുട്ടികളുടെ നേതാക്കളുടെ നേതൃത്വത്തിലായിരിക്കും ഈ വർഷത്തെ ആഘോഷപരിപാടികൾ നടക്കുക.
നേരത്തെ ചേവായൂരിലെ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിൽ വെച്ച് നടന്ന എൽ. പി., യു. പി. വിഭാഗം പ്രസംഗ മത്സരങ്ങളിലൂടെയാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്. പൊക്കുന്ന് ജി. ജി. യു. പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കെ. പി. ഹിന ഫാത്തിമ കുട്ടികളുടെ പ്രസിഡന്റായും, വടകര സെന്റ് ആന്റണീസ് ജെ. ബി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഇഷ സിത്താര കുട്ടികളുടെ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രസംഗ മത്സരത്തിൽ എൽ. പി. വിഭാഗത്തിൽ പാലാഴി എമറാൾഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ബി. നളിൻ നാരായണൻ രണ്ടാം സ്ഥാനം നേടി. യു. പി. വിഭാഗത്തിൽ പ്രൊവിഡൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എം. ടി. ദിയ മെഹറിൻ രണ്ടാം സ്ഥാനവും വാണിമേൽ എം. യു. പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആദിൽ അമീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
- Log in to post comments