Skip to main content

ആധാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ; ആലപ്പുഴയിൽ പുതിയ ആധാർ സേവ കേന്ദ്രം പ്രവർത്തനം തുടങ്ങി   -ജനങ്ങൾക്ക് വലിയ ആശ്വാസമെന്ന് ജില്ലാ കളക്ടർ  -യു.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന കേന്ദ്രത്തിൽ ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകും 

 

ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരാതികളും ഒരിടത്തുതന്നെ പരിഹരിക്കാനാകുന്ന പുതിയ ആധാർ സേവ കേന്ദ്രം ആലപ്പുഴ കൈതവനയിൽ പ്രവർത്തനമാരംഭിച്ചു.

ആധാർ ഇല്ലാതെ മറ്റ് സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ, ആധാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും തിരുത്തലുകൾക്കുമായി പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ കേന്ദ്രം ആശ്വാസമാകുമെന്ന് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ച ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. 

ആധാറുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും തിരുത്തലുകൾക്കുമായി നിരവധി പരാതികൾ ഉയരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായും ഒരിടത്തുതന്നെ പരിഹരിക്കാൻ കഴിയുന്ന കേന്ദ്രം ജില്ലയിൽ ആരംഭിക്കുന്നത് ഏറെ ആശ്വാസകരമാണെന്ന് കളക്ടർ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ എല്ലാ ജില്ലകളിലും യു.ഐ.ഡി.എ.ഐ സേവ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലും പ്രവർത്തനമാരംഭിച്ചതെന്ന് യു.ഐ.ഡി.എ.ഐ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ പറഞ്ഞു. വയനാട് ഒഴികെ മറ്റ് ജില്ലകളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ 13ാമത്തെ ആധാർ സേവ കേന്ദ്രമാണ് ആലപ്പുഴയിലേത്.

ജനകേന്ദ്രീകൃത ആധാർ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള യു.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന കേന്ദ്രത്തിൽ ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകും. പുതിയ ആധാർ എൻറോൾമെന്റ്, ബയോമെട്രിക് അപ്ഡേറ്റ്, ഡെമോഗ്രാഫിക് അപ്ഡേറ്റ്, നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ ആധാറുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നാല് കൗണ്ടറുകളുള്ള 'മോഡൽ സി' മാതൃകയിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം നാല് പേർക്ക് സേവനം ലഭ്യമാക്കാൻ കഴിയും. ഓൺലൈനായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തിലെത്തിയോ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

പൊതുഅവധി ഒഴികെ എല്ലാ ദിവസവും, ഞായറാഴ്ച ഉൾപ്പെടെ സേവ കേന്ദ്രം പ്രവർത്തിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സമയം.

യു.ഐ.ഡി.എ.ഐ സെക്ഷൻ ഓഫീസർ സോഫ്ജി എസ് ഭദ്രൻ, പ്രോജക്ട് മാനേജർ ശിവൻ ടി, അസിസ്റ്റന്റ് മാനേജർ ക്രിഷ്ണേന്ത്, സെന്റർ മാനേജർ ശിവപ്രകാശ് ജി, ഓപ്പറേഷൻ മാനേജർ അഖിൽ ടി, അക്ഷയ ജില്ലാ മേധാവി മീര, ക്ലസ്റ്റർ മാനേജർ ദിനകരൻ എന്നിവർ പങ്കെടുത്തു.

date