Skip to main content

പൾസ് പോളിയോ: ഭാവിയിലും വിട്ടുവീഴ്ചയുണ്ടാകരുത് - ആരോഗ്യ മന്ത്രി

പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാവിയിലും വിട്ടുവീഴ്ചയുണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൾസ് പോളിയോ പ്രതിരോധ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ 2011ഓടെ പോളിയോ മുക്തമായതാണ്. എന്നാൽ അയൽ രാജ്യങ്ങളിൽ ഈ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യക്കാർ ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിയുന്നുണ്ട്. അതുകൊണ്ട് ഇന്ത്യ പോളിയോ മുക്തമായി എന്ന് കരുതി അലംഭാവത്തോടെയിരുന്നാൽ വിദേശ രാജ്യങ്ങൾ വഴി ഈ രോഗം വീണ്ടും കടന്നു  വരാം. ഇത്  മുൻകൂട്ടി കണ്ടുകൊണ്ട് അതിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക്  മുൻതൂക്കം നൽകണം. സംസ്ഥാനത്ത് ഇത്തവണ 12.92 ലക്ഷം കുഞ്ഞുങ്ങൾക്കാണ് പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിനായി 13453 ബൂത്തുകളും 26906 സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കിടയിലും വാക്സിൻ ലഭ്യമാക്കാൻ 373 ട്രാൻസിറ്റ് ബൂത്തുകളും 149 മൊബൈൽ ബൂത്തുകളും 7 ഉത്സവ മേള ബൂത്തുകളും സംസ്ഥാന സർക്കാർ ഒരുക്കി. കുട്ടികൾ താമസിക്കുന്ന സ്ഥലമോ യാത്ര ചെയ്യുന്ന സാഹചര്യമോ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാവരുതെന്നതാണ് ഈ ക്രമീകരണങ്ങളുടെ ലക്ഷ്യം.

പരിപാടി നടക്കുന്ന, മാതൃക ആശുപത്രി കൂടിയായ പേരൂർക്കട ജില്ലാ ആശുപത്രിയുടെ നവീകരണത്തിന് നബാർഡ് 39 കോടി രൂപയുടെ സ്‌കീം അനുവദിക്കാനുള്ള നടപടി പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭരണാനുമതി ഉടൻ ഇറങ്ങും. രണ്ടാം നിലയിൽ 159 കിടക്കകളുള്ള വാർഡും മൂന്നാം നിലയിൽ 165 കിടക്കകളുള്ള വാർഡുമാണ് നിർമിക്കുന്നത്. കൂടാതെ ഒന്നാം നിലയിൽ 7 ഓപ്പറേഷൻ തീയേറ്റർ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 6 കോടി രൂപ ബഡ്ജറ്റിന്റെ സപ്ലിമെന്ററി ഗ്രാന്റിലൂടെ അനുവദിച്ചിട്ടുണ്ട്. അതിന്റെ ഭരണാനുമതി കിട്ടിയാൽ ഉടൻ പണി തുടങ്ങാമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി അധ്യക്ഷയായി. സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രേണുരാജ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ വിനീത് വി. ജി, ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ. പി, ഡോ. ബി ഉണ്ണികൃഷ്ണൻ, ഡി.എം.ഒ സരിത കുമാരി, സ്റ്റേറ്റ് സർവെയ്‌ലൻസ് മെഡിക്കൽ ഓഫീസർ ഡോ. സൈറാബാനു, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രസന്ന കുമാരി, സ്റ്റേറ്റ് പ്രോഗ്രം മാനേജർ ഡോ. അർനോൾഡ് ദീപക്, ആശുപത്രി സൂപ്രണ്ട് അനു എം എസ്  തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. കെ സക്കീന സ്വാഗതം പറഞ്ഞു.

പി.എൻ.എക്‌സ്. 4930/2026

date