*നിരോധിത ഷോർ ട്രോളിംഗ് നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി; 2,10,000 രൂപ പിഴ ഈടാക്കി*
മുനക്കകടവ് തീരക്കടലിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച ഷോർ ട്രോളിംഗ് (കരവലി) നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ് സംയുക്ത സംഘം പിടിച്ചെടുത്തു. സംഭവത്തിൽ 2,10,000 രൂപ പിഴ ഈടാക്കി. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി കുട്ടുസാക്കാനകത്ത് വീട്ടിൽ മുഹമ്മദ് ബാവയുടെ ഉടമസ്ഥതയിലുള്ള 'ശിവകലാ', പൊന്നാനി സ്വദേശി പോർട്ടിയാക്കാനകത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള 'ഫാത്തിമ ജഹാന' എന്നീ ബോട്ടുകളാണ് പിടികൂടിയത്.
കണ്ണിവലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് തീരക്കടലിൽ നിന്ന് മത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുക്കുന്ന ഷോർ ട്രോളിംഗ് മത്സ്യസമ്പത്ത് കുറയാനിടയാക്കുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യലഭ്യതയെ ബാധിക്കുമെന്നും കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോയ്നി ജേക്കബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തീരക്കടലിൽ നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് ബോട്ടുകൾ പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരെയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയിരുന്നത്. പരിശോധനയും നടപടികളും കർശനമാക്കാൻ ഫിഷറീസ് ജോയിന്റ് ഡയറക്ടർ കെ.വി. സുഗന്ധകുമാരി പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽത്തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരുന്നതിനിടയിലാണ് ബോട്ടുകൾ പിടിയിലായത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം (1980) പ്രകാരം കേസെടുത്ത് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. ലൈസൻസ് പുതുക്കാതെയാണ് പിടിച്ചെടുത്ത ബോട്ട് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിവരികയായിരുന്നു. കടൽക്ഷമതയില്ലാത്ത ബോട്ടുകൾ ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ലെന്ന വ്യവസ്ഥയിൽ ഉടമസ്ഥർക്ക് വിട്ടുകൊടുത്തു.
ചാവക്കാട്, കബനിക്കടവ് ഭാഗങ്ങളിൽ വ്യാപകമായ തോതിൽ ബോട്ടുകൾ തീരത്തോട് ചേർന്ന് കരവലി നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റൽ പോലീസും തീരക്കടലിൽ രാത്രിയിലും പകലും ശക്തമായ പട്രോളിംഗ് നടത്തിവരികയാണ്. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ യാനങ്ങൾ പിടിച്ചെടുത്ത് നിയമനടപടികൾക്ക് വിധേയമാക്കുമെന്നും പുതുക്കിയ കെ.എം.എഫ്.ആർ ആക്ട് പ്രകാരം പിഴ ചുമത്തുമെന്നും തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷ് അറിയിച്ചു. നിയമം ഒന്നിലധികം തവണ ലംഘിക്കുന്ന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിക എഫ്.ഇ.ഒ ആതിര, എ.എഫ്.ഇ.ഒ ലീന ഡെന്നീസ്, എഫ്.ഒ അൻസിൽ, മെക്കാനിക്ക് മനോജ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽ കുമാർ, വി.എം. ഷൈബു, മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഹമറുനിസ, വിനയൻ, എസ്.സി.പി.ഒ ദേവേഷ്, ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ കൃഷ്ണ പ്രസാദ്, അശ്വിൻ ജോസ്, ശ്രേയസ് കൃഷ്ണ, ബോട്ട് സ്രാങ്കുമാരായ റസാക്ക്, റഷീദ്, കോസ്റ്റൽ വാർഡന്മാരായ അശ്വിൻ, സതീഷ്, ഡ്രൈവർ അഷറഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
- Log in to post comments