Skip to main content

കളമശ്ശേരി എച്ച്.എം.ടി – എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി ആരംഭിക്കണം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ

കളമശ്ശേരി എച്ച്.എം.ടി – എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി ആരംഭിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുമായി ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് നേതൃത്വം നൽകുകയായിരുന്നു മന്ത്രി.

ആർ.ബി.ഡി.സി.കെ.എൽ. മുഖേന നടപ്പിലാക്കുന്ന റോഡ് നവീകരണ പ്രവൃത്തിയുടെ ഡി.പി.ആർ.(ഡീറ്റെയ്ൽഡ് പ്രൊജക്‌ട് റിപ്പോർട്ട്)   നവംബർ 27-നകം സമർപ്പിക്കണം. ഡിസംബർ മധ്യത്തോടെ സാങ്കേതികാനുമതി ലഭ്യമാക്കി 2027 ഫെബ്രുവരി ഒന്നിന് റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിക്കാനും  യോഗത്തിൽ നിർദേശം നൽകി.
റോഡിന്റെ അതീവ ശോച്യാവസ്ഥയിലുള്ള ഭാഗങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ട്രാൻസ്പോർട്ട് ഏജൻസികൾക്ക് യോഗത്തിൽ
നിർദ്ദേശം നൽകി. 
അടുത്ത ആഴ്ചയ്ക്കുള്ളിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ ആരംഭിച്ചില്ലെങ്കിൽ റോഡിലൂടെയുള്ള ഭാരമേറിയ ട്രെയിലറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date