Skip to main content

ക്രിസ്തുമസ് ന്യൂഇയർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിയുടെ എറണാകുളം ജില്ലാ തല ടിക്കറ്റ് പ്രകാശനം ടി.ജെ വിനോദ് എം.എൽ.എ നിർവ്വഹിച്ചു.

ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിയിൽ ഇത്തവണ ആകെ 7,66,992 സമ്മാനങ്ങളുണ്ട്. 450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപ്പന നവംബർ28-മുതൽ ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്. ഒരു കോടി രൂപ വീതം 24 പേർക്ക് രണ്ടാം സമ്മാനവും പത്ത് ലക്ഷം രൂപ വീതം 24 പേർക്ക് മൂന്നാം സമ്മാനവും നൽകും. അഞ്ച് ലക്ഷം രൂപ വീതം 24 പേർക്ക് നാലാം സമ്മാനവും ഒരു ലക്ഷം രൂപ വീതം 108 പേർക്ക് അഞ്ചാം സമ്മാനവും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെയുള്ള മറ്റു സമ്മാനങ്ങൾക്കു പുറമേ 11 പേർക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും നൽകുന്നുണ്ട്.

എറണാകുളം ജില്ലാ ഭാഗ്യക്കുറി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ സഞ്ജീവ്.കെ.വിശ്വനാഥ്, റോഷൻ എം വൈ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.എസ് സിജു, ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ബേബി തോമസ്, ജെയിംസ് അധികാരം, ഷാജി ഇടപ്പള്ളി, ജോർജ്ജ് കോട്ടൂർ, നിധീഷ് ഇ.ഡി, കൃഷ്‌ണകുമാർ എസ് എന്നിവർ പങ്കെടുത്തു.

date