Skip to main content

ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കും;  മന്ത്രി സി രവീന്ദ്രനാഥ്

 

2019 ജൂണ്‍ ഒന്നിന് മുന്‍പ് സംസ്ഥാനത്ത് എല്‍പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള മുഴുവന്‍ ക്ലാസുകളും ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സൗത്ത് കൊടിയത്തൂര്‍ എയുപി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌ക്കാരവുമായി മുന്നോട്ട് പോവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാര്‍ഥികളെ വളര്‍ത്തുകയാണ് പരിഷ്‌ക്കരണം കൊണ്ട് ലക്ഷ്യമിടുന്നത്. പഠനം, ജീവിതത്തില്‍ എ പ്ലസ് നേടുന്നതിനായിരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെയുള്ള പാഠ്യപദ്ധതി കുട്ടികളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നതായിരുന്നു. ജനകീയ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പഠനോത്സവങ്ങള്‍ അതിന്റെ ഭാഗമാണന്നും മന്ത്രി പറഞ്ഞു. 

ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല, കെ പി ചന്ദ്രന്‍, സാബിറ തറമ്മല്‍, ഡി.ഇ.ഒ എന്‍ മുരളി, ഡി.പി.ഒ വി.വസീഫ്, എ.ഇ.ഒ ജി.കെ.ഷീല, എന്‍.അബ്ദ റഹിമാന്‍, കെ.അജയകുമാര്‍, ഇ.രമേശ് ബാബു, റസാഖ് കൊടിയത്തൂര്‍, സി.പി.ചെറിയമുഹമ്മദ്, കെ.ടി.മന്‍സൂര്‍, പി.സി.മുജീബ് റഹ്മാന്‍, സി.ടി.കുഞ്ഞോയി, എ.ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

date