Skip to main content

എളേരിത്തട്ട് ഗവ. കോളേജിന് സ്വപ്ന സാക്ഷാത്ക്കാരം: നാക് അക്രെഡിറ്റേഷന്‍ ''ബി'' ഗ്രേഡ്

കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും  ഫലമായി എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവ. കോളേജിന് നാക് അക്രഡിറ്റേഷന്‍   ബി ഗ്രേഡ്.ഈ അംഗീകാരം ലഭിച്ച മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ കലാലയമാണ് ഇത്. ജനുവരി   17, 18 തീയതകളിലായി ത്രിപുര കേന്ദ്ര സര്‍വ്വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. അരുണോദയസാഹ, ബനാറാസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പ്രഫ. രാധാ റായ്, മുംബൈ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ചൈതലി ചക്രബര്‍ത്തി എന്നിവര്‍ കോളേജിലെ പാഠ്യ-പാഠ്യേതര രംഗത്തെ ഭൗതിക സാഹചര്യങ്ങള്‍ സന്ദര്‍ശനം നടത്തി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 2.37 പോയന്റോടെ  കോളേജ് 'ബി' ഗ്രേഡ് കരസ്ഥമാക്കിയത്. അഞ്ച് ബിരുദകോഴ്‌സുകളും ഒരു ബിരുദാനന്തര കോഴ്‌സും മാത്രമുള്ള  ഈ കലാലയത്തിന്  ഈ നേട്ടം കെവരിക്കാനായതിന്റെ ആഹ്ലാദത്തിലാണ് കോളേജ് അധികൃതരും വിദ്യാര്‍ത്ഥികളും, മറ്റ് അഭ്യുദയകാംക്ഷികളും .

നാക് സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി 2013-14 അധ്യയന വര്‍ഷം മുതല്‍ 2017--18 വരെ കോളേജ് കൈവരിച്ച നേട്ടങ്ങള്‍, സെമിനാറുകള്‍, വിജയശതമാനം, അവാര്‍ഡുകള്‍, പ്രസിദ്ധികരണങ്ങള്‍, ഫണ്ട് വിനിയോഗം, കൊഴിഞ്ഞുപോക്ക്, തുടങ്ങി  125-ഓളം സൂചകങ്ങള്‍ സമഗ്രമായി തയ്യാറാക്കി ആഗസ്റ്റ് മാസത്തില്‍ നാക് ഓഫീസിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സര്‍വ്വേ നാക് നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെ സന്ദര്‍ശനം നടത്തിയത്.

സാമ്പത്തിക ശാസ്ത്ര വിഭാഗത്തലവന്‍ ഡോ. എന്‍. കരുണാകരന് ലഭിച്ച നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും, നൂറ്റിഇരുപതില്‍പരം ഗവേഷണ പ്രബന്ധങ്ങളും, കോളേജിന്റെ പഠന ഗവേഷണരംഗത്തെ മികവ് തെളിയിക്കുന്ന മാനദണ്ഡത്തില്‍ ഉയര്‍ന്ന ഗ്രേഡ് നേടുവാന്‍ സഹായകമായി.പെണ്‍കുട്ടികള്‍ കൂടുതലായി അധ്യയനം നടത്തുന്ന കലാലയത്തില്‍, സ്ത്രീ സൗഹൃദമായ അന്തരീക്ഷമാണുള്ളതെന്നും അവര്‍ക്ക് വേണ്ടുന്ന വെയിറ്റിംഗ്‌റൂം, റസ്റ്റ്‌റൂം എന്നിവ നന്നായി പരിപാലിക്കുന്നുണ്ടെന്നും നാക് സംഘം അഭിപ്രായപ്പെട്ടു. വനിതാ ഹോസ്റ്റലിലെ പ്രവേശന പ്രക്രിയ വളരെ സുതാര്യമാണെന്നും വൃത്തിയായ പഠനാന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും  നാക് സംഘം രേഖപ്പെടുത്തി.

കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍,സ്ഥലവും മറ്റ് ഭൗതിക സാഹചര്യങ്ങളും സംഭാവന ചെയ്തവര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.വിദ്യാര്‍ത്ഥികളില്‍ കാര്‍ഷികാഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്‍.എസ്.എസ് യൂണിറ്റ് ആരംഭിച്ച മട്ടുപ്പാവ്കൃഷി നാക് അംഗങ്ങളെ  ആകര്‍ഷിച്ചിരുന്നു .കോളേജിലെ വിദ്യാര്‍ത്ഥികളുമായി നാക്‌സംഘം സംവദിച്ചിരുന്നു.ഈ പരിപാടിയില്‍  ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവും പങ്കെടുത്തു.പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സിജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. കരുണാകരന്‍, മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഗ്രേസ് ആലീസ്. ജെ, നാക് സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജെയ്‌സണ്‍ വി. ജോസഫ്, ഐ. ക്യൂ . എ . സി കോര്‍ഡിനേറ്റര്‍ പ്രെഫസര്‍ സന്തോഷ്. സി, എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനമാണ് കോളേജിന്റെ അക്രഡിറ്റേഷന്‍ ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സഹായകമായത്. 

date