മേല്പറമ്പ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി 17 ന് ഉദ്ഘാടനം ചെയ്യും
ജില്ലയ്ക്ക് പുതുതായി അനുവദിച്ച മേല്പറമ്പ പോലീസ് സ്റ്റേഷന് ഉദ്ഘാടനം ഫെബ്രുവരി 17 ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വ്വഹിക്കും.ചടങ്ങില്‍ കെ.കുഞ്ഞിരാമന് എം എല്‍ എ അധ്യക്ഷത വഹിക്കും.പി കരുണാകരന് എം പി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫയ്യ അബൂബക്കര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അജന്ന.എ.പവിത്രന് തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് സ്വാഗതവും,എ എസ് പി ശില്പ.ഡി നന്ദിയും പറയും. ചട്ടഞ്ചാലിലെ വാടക കെട്ടിടത്തിലാണ് മേല്പറമ്പ പോലിസ് സ്റ്റേഷന് പ്രവര്‍ത്തിക്കുക.
കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍ എന്നീ പോലീസ് സ്റ്റേഷനതിര്ത്തിയല്പ്പെട്ട മേല്പറമ്പ, ചന്ദ്രഗിരി, കീഴൂര്‍, ചെമ്പരിക്ക, നാലാംവാതുക്കാല്‍, എരോല്‍, മാങ്ങാട്, ചെമ്മനാട്, പരവനടുക്കം, ചട്ടഞ്ചാല്‍, പൊയിനാച്ചി, കോളിയടുക്കം, പെരുമ്പള എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കളനാട്, ബാര, ചെമ്മനാട്, തെക്കില്‍, പെരുമ്പള തുടങ്ങിയ വില്ലേജുകളിലെ മുഴുവന്‍ സ്ഥലവും മേല്പറമ്പ പോലീസ് സ്റ്റേഷനതിര്ത്തിയില് ഉള്‍പ്പെടുന്നതാണ്. ഒരു ഇന്‍സ്പെക്ടറും, 2 എസ്.ഐമാരും 25 പോലീസ് സ്റ്റാഫുകളും ഉള്‍പ്പെട്ടതായിരിക്കും സ്റ്റേഷനിലെ അംഗബലം. നീലേശ്വരം കഴിഞ്ഞാല്‍ നാഷണല്‍ ഹൈവേ സൈഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണ് മേല്പറമ്പ.ഇത് ജില്ലയിലെ 17-ാം മത്തെ ക്രമസമാധാന പോലീസ് സ്റ്റേഷനാണ്.
- Log in to post comments