സ്വപ്ന ഭവനത്തില്‍ അയ്യപ്പനും കുടുംബവും പട്ടികവര്‍ഗക്കാര്‍ക്ക് നിര്‍മ്മിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം നടന്നു
ആലപ്പുഴ :3 സെന്റില്‍ ആറുമാസംകൊണ്ട് 560 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു സ്വപ്ന വീട് .തൈക്കാട്ടുശ്ശേരി കുന്നുംപുറം അയ്യപ്പനും ഭാര്യ സിന്ധുവിനുമാണ് സ്വപ്നഭവനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഭവന പദ്ധതിയില്‍പെടുത്തിയാണ് അയ്യപ്പനും കുടുംബത്തിനും വീട് നിര്‍മിച്ച് നല്‍കിയത്. 5. 33 ലക്ഷം രൂപയാണ് ഇതിനായി ചിലവായത്. 6 മാസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അയ്യപ്പന്‍ പറഞ്ഞു. കൂലിത്തൊഴിലാളിയായ അയ്യപ്പനും വീട് നിര്‍മ്മാണത്തില്‍ പങ്കാളിയായി .വീടിന്റെ താക്കോല്‍ദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിച്ചു .പട്ടികവര്‍ഗ്ഗക്കാരായ 6 കുടുംബങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ലൈഫ് മിഷന്‍ മുഖേന വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതില്‍ ആദ്യ കുടുംബത്തിന്റെ താക്കോല്‍ദാനമാണ് തൈക്കാട്ടുശ്ശേരിയില്‍ നടന്നത് .ബാക്കിയുള്ള 5 കുടുംബങ്ങളുടെ വീടുകളുടെ താക്കോല്‍ ദാനം വരും ദിവസങ്ങളില്‍ നടക്കുമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍.അനൂപ് അറിയിച്ചു . .യോഗത്തില്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .ആര്‍ പുഷ്‌കരന്‍ അധ്യക്ഷനായി .ലൈഫ് മിഷന്‍ ഒന്നാംഘട്ട ഭവന നിര്‍മ്മാണത്തില്‍ ജില്ലയില്‍ 93ശതമാനം വീടുകളും പൂര്‍ത്തിയായതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് ഒരുതരത്തിലുമുള്ള ബാധ്യതയും ഉണ്ടാകാത്ത രീതിയിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കേരളത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി വീട് എന്ന ആശയമാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ഒരു സിറ്റൗട്ട് ,ഹാള്‍ 2 കിടപ്പുമുറി, ഒരു അടുക്കള ഒരു ശുചിമുറി എന്നീ സൗകര്യങ്ങളുള്ള ടൈല്‍ പാകിയ വീട്ടില്‍ പ്ലംബിംങ്ങിനോടൊപ്പം വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടുണ്ട്. .ആറു മാസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട് വൃത്തിയായി സൂക്ഷിക്കണമെന്ന്ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി . ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സിന്ധുവിനു, പി.എം.പ്രമോദ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പി ഉദയസിംഹന്‍,മെമ്പര്‍ ഗംഗാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
തുറന്നവായന ശാല
മാവേലിക്കര : മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ് .എസിലെ എന്‍ .എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അക്ഷരദീപം പരിപാടിയുടെ ഭാഗമായി കണ്ടിയൂര്‍ ശ്രീകണ്ഠപുരം ആശുപത്രിയില്‍ തുറന്നവായനശാല സ്ഥാപിച്ചു.ഡോക്ടറെ കാത്തിരിക്കുന്ന രോഗികള്‍ക്കും സഹായികള്‍ക്കുമൊക്കെ ഇനി വായനയുടെ ലോക ചെലവഴിക്കാം. സുമനസുകളായ വായനക്കാരില്‍ നിന്ന് കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങളാണ് തുറന്ന വായനശാലയിലുള്ളത്. നോവലുകള്‍ ,കഥകള്‍, കവിതാ സമാഹാരങ്ങള്‍, നര്‍മ്മ ലേഖനങ്ങള്‍ തുടങ്ങിയവ പുസ്തക ശേഖരത്തിലുണ്ട്.പൊതു ജനങ്ങള്‍ക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കാനും സൗകര്യമുണ്ട്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ് ഓപ്പണ്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് അഡ്വ.കെ.ആര്‍.മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ഗീസ് എം.നെല്ലിത്തറ സമര്‍പ്പണ പ്രസംഗം നടത്തി. ആശുപത്രി ഡയറക്ടര്‍ ഡോ.രവിശങ്കര്‍, സ്‌ക്കൂള്‍ മാനേജര്‍ ജയിംസ് തെക്കടത്ത് ഷിജു മാത്യു, പ്രിന്‍സിപ്പല്‍ സൂസന്‍ സാമുവല്‍, പ്രോഗ്രാംഓഫീസര്‍ വര്‍ഗീസ് പോത്തന്‍, പോള്‍ കെ.എച്ച്, രാജന്‍ വര്‍ഗീസ്, സജീവ് കുമാര്‍, ജീവന്‍ യോഹന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
പരിശീലന ക്ലാസ്സ്
രാമങ്കരി :കേരള വനിതാ ശിശു വികസന വകുപ്പ് ,ആലപ്പുഴ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ,ഓട്ടിസം ക്ലബ്ബ് ആലപ്പുഴ എന്നിവയുടെ നേതൃത്വത്തില്‍ 'ഓട്ടിസം -സംവേദന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ' എന്ന വിഷയത്തില്‍ ഓട്ടിസക്കാരുടെ രക്ഷിതാക്കള്‍ക്കുള്ള പരിശീലന ക്ലാസ് രാമങ്കരി എസ്.എന്‍. ഡി.പി ഹാളില്‍ ആരംഭിച്ചു. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഡോ.സി.പി.അബൂബക്കര്‍ നയിക്കുന്ന പരിശീലന ക്ലാസ്സ്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ .കെ.കെ.അശോകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിന് ഓട്ടിസം ക്ലബ് ആലപ്പുഴ പ്രസിഡന്റ് ദീപു കാട്ടൂര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നും ലിനു, അനു, രാജേഷ് സോമന്‍ എന്നിവര്‍ സംസാരിച്ചു. .ഫെബ്രുവരി 18 മുതല്‍ 21 വരെ യുള്ള ദിവസങ്ങളില്‍ ചേര്‍ത്തല ബി ആര്‍ സി യിലും രക്ഷിതാക്കള്‍ക്കുള്ള പരിശീലന ക്ലാസ്സ് നടത്തും
ക്ഷീരസംഘം സെക്രട്ടറി / ക്ലാര്‍ക്ക് പരിശീലനം
ഓച്ചിറ : ഓച്ചിറ ക്ഷീരോല്‍പാദന വികസന കേന്ദ്രത്തില്‍ 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി ക്ഷീരസംഘം സെക്രട്ടറി / ക്ലാര്‍ക്ക് പരിശീലനം നല്‍കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 15 രൂപ. പ്രവര്‍ത്തിദിവസങ്ങളില്‍ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ 13 ന് രാവിലെ 10 മണിക്ക് പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണം. പ്രവേശന സമയത്ത് സാക്ഷ്യപത്രം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0476 2698550
എഞ്ചിനിയറെ നിയമിക്കുന്നു
കഞ്ഞികുഴി : മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രെഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുന്നു. . സിവില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ 14 ന് മുന്‍പായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0478 2862445
ലഹരി വിരുദ്ധ റാലി നടത്തി
പുന്നപ്ര :പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബും സാഗര സഹകരണ ആശുപത്രിയും സംയുക്തമായി ചേര്‍ന്ന് ലഹരി വിരുദ്ധ റാലി നടത്തി . ബുധനാഴ്ച രാവിലെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ എം ജുനൈദ് ഫ്‌ലാഗ് ഓഫ് ചെയ്തു . എസ് ഡി കോളേജിനു മുന്നില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ പുന്നപ്ര പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ അബ്ദുള്‍ റഹീം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് എഞ്ചിനീയറിങ് കോളേജ് അങ്കണത്തില്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥനായ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടന്നു. റാലിയില്‍ കോളേജ് വിദ്യാര്‍ത്ഥികളും ആശുപത്രി ഉദ്യോഗസ്ഥരും പങ്കെടുത്തു. പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി അശോക് കുമാര്‍ റാലിക്കു നേതൃത്വം നല്‍കി .
റീ ബില്‍ഡ് കേരള അമ്പലപ്പുഴ താലൂക്ക് യോഗം നടത്തി.
ആലപ്പുഴ :അമ്പലപ്പുഴ താലൂക്കിലെ പ്രളയദുരിതത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക് റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം ധനസഹായം സമയബന്ധിതമായി അനുവദിച്ചു നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു.
എല്ലാ പഞ്ചായത്തുകളിലും മുടങ്ങി കിടക്കുന്ന കേസുകളില്‍ നടപടികള്‍ നിര്‍വഹിച്ചു ഒന്‍പതാം തിയതി പൂര്‍ത്തീകരിച്ചു ലിസ്റ്റ് തഹസില്‍ദാര്‍ക്ക് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെരിഫിക്കേഷന്‍ കൂടുതല്‍ ഉള്ള പഞ്ചായത്തുകളില്‍ ആവശ്യമായ ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇനിയും പ്രളയ സഹായമായ പതിനായിരം രൂപ ലഭിക്കാത്ത ആളുകള്‍ക്കു രണ്ടു ദിവസത്തിനുള്ളില്‍ നല്‍കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര സൗത്ത് എന്നീ ഗ്രാമ പഞ്ചായത്തുകളെ കളക്ടര്‍ അഭിനന്ദിച്ചു. യോഗത്തില്‍ അമ്പലപ്പുഴ താലൂക്കിന്റെ ചുമതലയുള്ള എ ഡി എം ഐ അബ്ദുള്‍ സലാം, അമ്പലപ്പുഴ തഹസില്‍ദാര്‍ ആശ സി എബ്രഹാം, മുനിസിപ്പല്‍ സെക്രട്ടറി, എല്ലാ ഗ്രാമപഞ്ചായത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനാമത്സരം
മുഹമ്മ: മുഹമ്മ ഗ്രാമപ്പഞ്ചായത്തിന്റെ 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഹമ്മ ഗ്രാമപ്പഞ്ചായത്ത് നിവാസികളായ സ്ത്രീകള്‍ക്ക് വേണ്ടി വായനാമത്സരം സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പതിനെട്ട് വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.വാര്‍ഡുതലം,പഞ്ചായത്തുതലം, എന്നിങ്ങനെ രണ്ടു തലത്തിലാണ് മത്സരം നടത്തുന്നത്. വാര്‍ഡ് തല മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ആദ്യ അഞ്ചു സ്ഥാനം നേടുന്നവരെ പഞ്ചായത്ത് തലത്തില്‍ പങ്കെടുപ്പിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പാലക്കീഴ് നാരായണന്റെ വി.ടി. എന്നീ രണ്ടു പുസ്തകങ്ങളാണ് മത്സരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
വാര്‍ഡ് തലത്തില്‍ 25 ചോദ്യങ്ങളും പഞ്ചയത്ത് തലത്തില്‍ 50 ചോദ്യങ്ങളുമാണ് ഉണ്ടാകുക. വാര്‍ഡുതല മത്സരം ഫെബ്രുവരി അവസാനവും പഞ്ചായത്തുതല മത്സരം മാര്‍ച്ച് ആദ്യവും നടക്കും.
വാര്‍ഡ് തല മത്സര വിജയികള്‍ക്ക് 500,300,200 എന്ന ക്രമത്തിലും പഞ്ചായത്തുതല വിജയികള്‍ക്ക് 5000,3000,2000 എന്നീ ക്രമത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും.പുസ്തകങ്ങളുടെ മൂന്നു കോപ്പികള്‍ വീതം എല്ലാ എ. ഡി. എസ്.,കള്‍ക്കും നല്‍കും.ഗ്രന്ഥശാലകളില്‍ നിന്നും പുസ്തകങ്ങള്‍ ലഭിക്കും.എ ഡി എസ്സുകള്‍ ,കുടുംബശ്രീ യൂണിറ്റുകള്‍,മറ്റു വനിതകള്‍ എന്നിവരുടെ സഹകരണം വായന മത്സര വിജയത്തിനായി ക്ഷണിക്കുന്നതായി പഞ്ചായത്തു പ്രസിഡന്റ് ജെ.ജയലാല്‍ പറഞ്ഞു
ഉപജില്ലാ വിദ്യാഭ്യാസ പഠനോത്സവം നടത്തി
ഹരിപ്പാട്: മണ്ണാറശാല യു.പി. സ്‌കൂളില്‍ ഹരിപ്പാട് ഉപജില്ലാ പഠനോത്സവം 'സാക്ഷ്യം 2019' നടന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 697 സ്‌കൂളിലാണ് പഠനോത്സവങ്ങള് നടക്കുന്നത്. ഹരിപ്പാട് സബ്ജില്ലയില് മാത്രം 55 സ്‌കൂളുകളിലാണ് പഠനോത്സവം നടക്കുന്നത്. പൊതു വിദ്യാലയങ്ങളില് പഠിക്കുന്ന കുട്ടി എന്തൊക്കെ മനസ്സിലാക്കി എന്ന് രക്ഷിതാക്കള്ക്കും പൊതു ജനങ്ങള്ക്കും ഉറപ്പ് വരുത്താന് ഇത്തരത്തിലുള്ള പഠനോത്സവങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തത്തപ്പെടുന്നത്
മോക്ക് പോള്‍ നാളെ
ആലപ്പുഴ: 2019 ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് അധികമായി ലഭിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെ ആദ്യഘട്ട മോക്ക് പോള്‍ എട്ടിന് രാവിലെ പത്തുമണിക്ക് കളക്ടറേറ്റ് നടക്കും
സബ് ജില്ല പഠനോത്സവം ഇന്ന് (07.02.2019)
ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഭാഗമായി സബ്ജില്ലാതല പഠനോത്സവം ഇന്ന് നടക്കും രാവിലെ വടക്കന്‍ സെന്റ് മേരീ ലൂര്‍ദ് യുപി സ്‌കൂളിലാണ് പഠനോത്സവം നടക്കുക
- Log in to post comments