Skip to main content

പാണ്ടിക്കാട്ടെ അസാപ് സ്‌കില്‍ പാര്‍ക്ക് പ്രവര്‍ത്തനസജ്ജം: ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും

സര്‍ക്കരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴില്‍ നൈപുണ്യ പരിശീലനം പൊതുസമൂഹത്തിനു കൂടി പ്രാപ്തമാക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പാണ്ടിക്കാട്ട് പ്രവര്‍ത്തന സജ്ജമായി. പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം സ്ഥാപിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ അഡ്വ. എം. ഉമര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
 ഒമ്പത് സ്‌കില്‍ പാര്‍ക്കുകളാണ് കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. ഇതില്‍ ജില്ലയിലെ ഏക പാര്‍ക്കാണ് പാണ്ടിക്കാട്ടേത്. 25000 ചതുശ്രയടിയിലാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പരിശീലനകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം മുന്നൂറില്‍പരം പേര്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ളതാണ് കേന്ദ്രം. എ.ഡി.ബി. സഹായത്താല്‍ സംസ്ഥാന സര്‍ക്കാര്‍ 13 കോടിയോളം രൂപ ചെലവഴിച്ചാണ് കേന്ദ്രത്തിന്റെ നിര്‍മാണം. വൈദ്യുതി, വെള്ളം, ഗ്യാസ്, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങളുള്ള വിശാലമായ അഞ്ച് ക്ലാസ് മുറികളും ഹെവി മെഷിനറി, പ്രിസിഷന്‍, ഐ.ടി, ആക്ടിവിറ്റി ലാബുകളും വിശാലമായ എന്‍ട്രന്‍സ് ലോബിയുമാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജലത്തിന്റെ ഉചിതമായ ഉപയോഗത്തിന് വേണ്ടി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
 സേവനം, നൈപുണ്യ വികസനം, ബിസിനസ്, വിനോദം എന്നീ ലക്ഷ്യങ്ങളോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. അക്കാദമിക് സൗകര്യങ്ങളോടൊപ്പം ഇന്റേണ്‍ഷിപ്പ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് നിര്‍മാണം. ഹൈദരാബാദ് ആസ്ഥാനമായ അപ്പോളോ മേഡ് സ്‌കില്‍സ് എന്ന കമ്പനിയാണ് തൊഴില്‍ നൈപുണ്യ ക്ലാസിനെത്തുന്നവര്‍ക്ക് പരിശീലനം നല്‍കുക. ആധുനിക വ്യവസായ ലോകത്തിലെ തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ചുള്ള നൈപുണ്യ പരിശീലന പദ്ധതികളാണ് സ്ഥാപനത്തില്‍ തുടങ്ങുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച നിലവാരത്തില്‍ സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
സ്‌കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ കണ്‍വീനറായി ഭരണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

 

date