പ്രളയാനന്തര പുനരധിവാസം: നിലമ്പൂരില്‍ പട്ടയ മേള ഫെബ്രുവരി 20 ന്
പ്രളയാനന്തര പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 ന് നിലമ്പൂരില്‍ പട്ടയ മേള നടത്തും. ചാലിയാര്‍ പഞ്ചായത്തിലെ 34 കുടുംബങ്ങള്‍ക്കു റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി മന്ത്രി ഇ. ചന്ദ്രശേഖരന് പട്ടയം വിതരണം ചെയ്യും. ജില്ലയില്‍ പ്രളയത്തെ തുടര്‍ന്നു ഏറെ പ്രയാസമനുഭവിച്ച നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല പൂളപ്പൊട്ടി, ചെട്ടിയന്‍പാറ കോളനികളിലെ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്കാണ് പട്ടയം നല്‍കുന്നത്. ഇവരുടെ പുനരധിവാസത്തിനായി 25 ഏക്കര്‍ ഭൂമിയാണ് അകമ്പാടം വില്ലേജിലെ കണ്ണംകുണ്ട് പ്രദേശത്ത് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. 50 സെന്റ് വീതമുള്ള ഭൂമിയുടെ പട്ടയമാണ് വിതരണം ചെയ്യുന്നത്. ഇതില്‍ ഈ മേഖലയില്‍ പ്രളയത്തിനരയായ 22 കുടുംബങ്ങള്‍ക്കും ചാലിയാര്‍ പഞ്ചായത്തിലെ ഭൂരഹിതരായ 12 കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്യും.
20 ന് രാവിലെ ഒമ്പതിന് അകമ്പാടത്ത് ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
പട്ടയമേളയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ.ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്, വൈസ് പ്രസിഡന്റ് എം.ടി.ലസ്ന, ബ്ലോക്ക് സ്ഥിര സമിതി ചെയര്മാന് കെ.ടി. കുഞ്ഞാന്, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടയം കൈമാറുന്നവരുടെ ഭൂമി തിരഞ്ഞെടുക്കുന്നതിനായുള്ള നറുക്കെടുപ്പ് എം.എല്‍എ നിര്‍വ്വഹിച്ചു. പി.കെ.ബഷീര്‍ എം.എല്‍.എ ചെയര്‍മാനും തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
- Log in to post comments