ആയിരം ദിനത്തിനുള്ളില്‍ മുഖച്ഛായ മാറി സര്‍ക്കാര്‍ ആശുപത്രികള്‍
ആരോഗ്യമേഖലയിലെ സ്വകാര്യ ചൂഷണങ്ങള്‍ക്ക് തടയിടുന്ന വിധത്തില്‍ സര്‍ക്കാര്‍ ആശുപത്രികളെ മികവുറ്റതാക്കാന്‍ വേറിട്ട ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പിലാക്കിയത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമേഖലയില്‍ കാര്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയതിലൂടെ മികച്ച ചികിത്സ ഉറപ്പുവരുത്താനും അതുവഴി ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള സാധാരണജനങ്ങളുടെ ഒഴുക്ക് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിക്കാനും ഇടയായി.സര്‍ക്കാര്‍ ആശുപത്രികളിലെ ലേബര്‍ റൂമിന്റെ ഗുണമേന്മയ്ക്ക് ദേശീയ ആരോഗ്യമന്ത്രാലയം നല്കുന്ന ലക്ഷ്യ അംഗീകാരം കേരളത്തിലാദ്യമായി കോട്ടപറമ്പ് സര്‍ക്കാര്‍ ആശുപത്രിക്ക് ലഭിച്ചതും എടുത്തുപറയാവുന്ന നേട്ടമാണ്.സ്കില്‍ ലാബ്, റീജ്യണല്‍ വാക്സിന് സ്റ്റോര്‍,നിപ്പ സോഫ്റ്റ് വെയര്‍,എംസിഎച്ച് കെട്ടിടം,ഡയാലിസിസ് യൂണിറ്റ് ഇങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക.
സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടത്തില്‍ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തത്. ഇവയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇതിനോടകം നിര്‍വഹിച്ചു. പ്രവര്‍ത്തനക്ഷമമായ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ വകുപ്പിന് സാധിച്ചു. ഓമശ്ശേരി, രാമനാട്ടുകര, എടച്ചേരി, നൊച്ചാട്, വടകര താഴെങ്ങാടി, അരിക്കുളം, ഇരിങ്ങല്‍, കായക്കൊടി കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആണ് പ്രവര്‍ത്തനക്ഷമമായത്. 11 മുതല്‍ 17 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ലേബര്‍റൂമിന്റെ ഗുണമേന്മയ്ക്ക് ദേശീയ ആരോഗ്യ മന്ത്രാലയം നല്കുന്ന ലക്ഷ്യ അംഗീകാരം (ലേബര്‍ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ്) കേരളത്തിലാദ്യമായി കോട്ടപറമ്പ് സ്തീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിക്ക് ലഭിച്ചു.ദേശീയ ആരോഗ്യദൗത്യം 1.5കോടിരൂപ ലക്ഷ്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. രോഗീ സൗഹൃദമെന്ന നിലയില്‍ ലേബര്‍ റൂം പൂര്‍ണമായും ശീതീകരിച്ചു. മാതൃശിശു സംരക്ഷണകേന്ദ്രത്തിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ലക്ഷ്യനടപടികള് ആരംഭിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് 2 കോടി രൂപ എന്‍എച്ച്എം അനുവദിച്ചു. മാതൃശിശു സംരക്ഷണത്തിനായി 5.5 കോടിരൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുക. ഐഎംസിഎച്ച്എല് ഗൈനക്കോളജി വിഭാഗം ശാക്തീകരിക്കുന്നതിനായി ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ് ആരംഭിക്കാനും നടപടിയായിട്ടുണ്ട്. ജില്ലയിലെ ശിശുമരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഐഎംസിഎച്ച്എല് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എസ്എന്‍സിയു,ഹൃദ്യം പദ്ധതി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പീഡിയോട്രിക് കാര്‍ഡിയോതെറാസിക് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.
സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചിത്വം നിലനിര്‍ത്തുന്ന ആശുപത്രിക്കുള്ള സംസ്ഥാനതല കായകല്പ അവാര്‍ഡ് 2016ല്‍ സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിക്ക് ലഭിച്ചു.2017-18ല്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്റര്‍ കല്ലുനിരക്ക് രണ്ടാംസ്ഥാനവും ജനറല്‍ ആശുപത്രിക്ക് അഭിനന്ദന പുരസ്ക്കാരവും ലഭിച്ചു.2018ല്‍ കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിക്ക് എന്‍ക്യുഎസ് അംഗീകാരം ലഭിച്ചു.കൂടാതം കായകല്പ അവാര്‍ഡില്‍ ഗവ.ജനറല്‍ ആശുപത്രിക്കും സിഎച്ച്സി തലക്കുളത്തൂരിനും രണ്ടാംസ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്ത്ത്സെന്റര് കല്ലുനിരക്കും താമരശ്ശേരി താലൂക്ക് ആശുപത്രിക്കും അഭിനനന്ദന പുരസ്ക്കാരവും ലഭിച്ചു.
ദേശീയആരോഗ്യദൗത്യം അനുവദിച്ച 31.75 ലക്ഷംരൂപ വിനിയോഗിച്ചാണ് റീജിണല്‍ വാക്സിന് സ്റ്റോറിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശമായ മാഹിയിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള വാക്സിനുകള്‍ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഈ വാക്സിന് സ്റ്റോറില്‍ നിന്നാണ്. മൂന്നുകോടിരൂപയുടെ ഒരു പുതിയ ബില്ഡിംഗ്കൂടി ഉടന്‍ നിര്‍മാണമാരംഭിക്കും.
കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയുംസര്ക്കാര് ആശുപത്രിക്ക് പത്തു കോടി രൂപയുടെ എംസി.എച്ച് കെട്ടിടം, കോഴിക്കോട് ബീച്ചിലുള്ള ഗവ.ജനറല്‍ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ ഡയാലിസിസ് യൂണിറ്റ്, വടക്കന്‍ ജില്ലകളിലെ പ്രസവം നടക്കുന്ന ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാരുടെ പരിശീലനത്തിനായി സംസ്ഥാനത്തെ ആദ്യത്തെ സ്കില്‍ലാബ് ,ജ•നാ ഹൃദ്രോഗം ഉള്ള 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാചികിത്സയും നല്കുന്ന ഹൃദ്യം പദ്ധതി പൊതുസ്ഥലങ്ങളില്‍ പ്രഥമ ശുശ്രൂഷകേന്ദ്രമായ വഴികാട്ടി പദ്ധതി, എന്നിവ ഇക്കാലയളവില്‍ വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികളാണ്. നിപ്പ പോലുള്ള വെല്ലവിളികളെ സമര്‍ഥമായി നേരിട്ട ശേഷം മന്ത്രിസഭ ആയിരംദിനം പൂര്‍ത്തീകരിക്കുന്ന ഈ വേളയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികളിലൂടെ വികസനക്കുതിപ്പിലാണ് ആരോഗ്യമേഖല.
- Log in to post comments