തൊഴിലാളി സൗഹൃദമായി തൊഴിലും നൈപുണ്യവും വകുപ്പ്
കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ജില്ലയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് തൊഴിലാളി സൗഹൃദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി വേതനം ലഭ്യമാക്കുന്നതിനും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനുമായി ആവിഷ്ക്കരിച്ച വേജ് പ്രോട്ടക്ഷന്‍ സിസ്റ്റം നടപ്പില്‍ വരുത്തുകയും 775 സ്ഥാപനങ്ങളിലായി 16065 തൊഴിലാളികള്‍ക്ക് വേതന വിതരണം ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കാനും വകുപ്പിന് സാധിച്ചു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന ആവാസ് പദ്ധതിയുടെ കീഴില്‍ 32375 ഇതരസംസ്ഥാന തൊഴിലാളികളെയാണ് അംഗങ്ങളായി ചേര്‍ത്തത്. പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ മരണമടഞ്ഞ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 2,00,000 രൂപയും, ചികിത്സാ സഹായമായി തൊഴിലാളികള്‍ക്ക് 12,448 രൂപയും വിതരണം ചെയ്തിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി തിങ്ങിപ്പാര്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും വിവിധ തൊഴില്‍ നിയമങ്ങളെ സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പുകളൂം സംഘടിപ്പിച്ചു. സംസ്ഥാനത്തിനകത്ത് വെച്ച് മരണമടയുന്ന അതിഥി തൊഴിലാളികളുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കുന്നതിന് തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായവും വകുപ്പ് മുഖേന ലഭ്യമാക്കുന്നുണ്ട്.
സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് അനുവദിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് വജ്ര പുരസ്ക്കാരവും 10 സ്ഥാപനങ്ങള്‍ക്ക് സുവര്‍ണ്ണ പുരസ്ക്കാരവും 7 സ്ഥാപനങ്ങള്‍ക്ക് രജത പുരസ്ക്കാരവും ലഭ്യമായിട്ടുണ്ട്. ചിയാക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ 448336 കുടുംബങ്ങളെ ആര്.എസ്.ബി.വൈ/ചിസ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ക്കുകയും 36636800 രൂപയുടെ ചികിത്സാ സഹായം വിവിധ ആശുപത്രികള്‍ മുഖേന ലഭ്യമാക്കുകയും ചെയ്തു.
ഈ കാലയളവില്‍ 705 വ്യവസായ തൊഴില്‍ തര്‍ക്കങ്ങളിലും ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള 73 തര്‍ക്കങ്ങളിലും തീരുമാനമുണ്ടാക്കാന്‍ വകുപ്പിന് സാധിച്ചു. കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 122 ഗുണഭോക്താക്കള്‍ക്കായി 78,30,000 രൂപ രൂപയും കേരള മരം കയറ്റ തൊഴിലാളി അവശതാ പെന്ഷന് പദ്ധതി പ്രകാരം 329 ഗുണഭോക്താക്കള്‍ക്കായി 1,42,06,240 രൂപയും വിതരണം ചെയ്തു. അസംഘടിത മേഖല ദിവസ വേതന തൊഴിലാളി ദുരിത നിവാരണ പദ്ധതി പ്രകാരം 394 ഗുണഭോക്താക്കള്‍ക്കായി 7,88,000 രൂപയും അസംഘടിത തൊഴിലാളി ക്ഷേമ പെന്ഷന് പദ്ധതി പ്രകാരം 462 ഗുണഭോക്താക്കള്‍ക്കായി 2,15,59,660 രൂപയും വിതരണം ചെയ്തു. പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ക്ഷേമത്തിനായും സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനായി എക്സ്ഗ്രേഷ്യ ഇനത്തില്‍ 74,84,000 രൂപ ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു. തൊഴിലാളി ക്ഷേമത്തിനായി വകുപ്പ് നടപ്പിലാക്കുന്ന നിരവധി പദ്ധതികള്‍ പുരോഗമിക്കുകയാണ്.
- Log in to post comments