Skip to main content

എറണാകുളം അറിയിപ്പുകള്‍

കുടിവെളളം മുടങ്ങും

കൊച്ചി: കുണ്ടന്നൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 15-ന് മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

റേഡിയോ കിസാന്‍ ദിവസ് - 2019 

കൊച്ചി: കാര്‍ഷിക രംഗത്തെ വിജ്ഞാനവ്യാപനം ലക്ഷ്യമാക്കി ആകാശവാണി ദേശവ്യാപകമായി ഫെബ്രുവരി 15-ന് റേഡിയോ കിസാന്‍ ദിവസ് ആയി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് കിസാന്‍ വാണി പ്രക്ഷേപണത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി നിലയം, പളളിയാക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ബാങ്ക് ആഡിറ്റോറിയത്തില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നു. ചടങ്ങിന്റെ  ഉദ്ഘാടനം നോര്‍ത്ത് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറയപ്പിളളി നിര്‍വഹിക്കും.  ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ചന്ദ്രിക, കൊച്ചി ആകാശവാണി നിലയം പ്രോഗ്രാം എക്‌സിക്യൂട്ടീവ്  ശ്രീകുമാര്‍ മുഖത്തല, സ്റ്റേഷന്‍ ഡയറക്ടര്‍ ലീലാമ്മ മാത്യൂ, എസ്.സി.ബി പളളിയാക്കല്‍ പ്രസിഡന്റ് എം.എസ്.ജയചന്ദ്രന്‍ സംസ്ഥാന വിത്തു വികസന അതോറിറ്റി തൃശൂര്‍ കൃഷി അഡീഷണല്‍ ഡയറക്ടര്‍ ടി.ആര്‍.ഉഷാദേവി, പാലക്കുഴ കൃഷി ഭവന്‍ കൃഷി ഓഫീസര്‍ പി.പ്രിയദര്‍ശിനി തുടങ്ങിയവര്‍ പങ്കെടുക്കും.

 

എസ്.സി.വി.ടി, ഇലക്ട്രീഷ്യന്‍' ട്രേഡില്‍ അഡ്മിഷന്‍

കൊച്ചി: ജില്ലയില്‍ അങ്കമാലിയിലെ തുറവൂര്‍ ഗവ: ഐ.ടി.ഐ യില്‍ 2018-19 വര്‍ഷത്തില്‍ എസ്.സി.വി.ടി, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷാ ഫോറം തുറവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 19-ന് വൈകിട്ട് അഞ്ചിനകം തുറവൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം.

 

ലോക കേരള സഭ: ആദ്യ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം

15, 16 ന് ദുബായില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

കൊച്ചി: ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം 2019 ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടക്കും. ലോക കേരള സഭ നേതാവുകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കെ. സി. ജോസഫ് എംഎല്‍എ, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ ഡോ. എം. എ. യൂസഫലി, റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ഡയറക്ടര്‍മാരായ ഡോ.ആസാദ് മൂപ്പന്‍, ഡോ. രവി പിളള, ഡോ. എം. അനിരുദ്ധന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോക കേരള സഭാംഗവും  സാഹിത്യകാരനുമായ ബന്യാമിന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ഏഴ് വിഷയ മേഖല സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേലുളള ചര്‍ച്ച നടക്കും. ദേവഭൂമിക (നൃത്തസംഗീത ശില്‍പ്പം), ഗാനമേള എന്നിവ അരങ്ങേറും.

 ലോകമെമ്പാടാമുള്ള ഇന്‍ഡ്യന്‍ പൗരന്‍മാരായ കേരളീയരുടെ പൊതുവേദിയായി രൂപീകരിക്കപ്പെട്ട ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനമാണ് ദുബായില്‍ നടക്കുക. ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മേഖലാ സമ്മേളനം നടത്തുക എന്നത്. പശ്ചിമേഷ്യയിലെ കേരളീയ സമൂഹമാണ് മേഖലാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുക. സമ്മേളനത്തിലെ ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ കേരളീയ സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് ഉപകരിക്കും. 

 

സൗദി അറേബ്യയില്‍ വനിത നഴ്‌സുമാരുടെ ഒഴിവ്

 

കൊച്ചി: നോര്‍ക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള  വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത്  രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാര്‍ rmt4.norka@kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) നമ്പരിലും www.norkaroots.net ലും ലഭിക്കും.

date