നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍: പ്രത്യേക പത്രക്കുറിപ്പ് - 1
സുവ്യക്തമായ തൊഴില്‍ നയം: പുരോഗതിയുടെ 1000 ദിനങ്ങള്‍
കാക്കനാട്: കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക, തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കാലാനുസൃതമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞ ആയിരം ദിവസങ്ങളില്‍ തൊഴില്‍ വകുപ്പിന് സാധിച്ചു.
തൊഴിലാളി - തൊഴിലുടമ ബന്ധം ഊട്ടിയുറപ്പിച്ച് കേരളത്തെ തൊഴില്‍ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ കര്‍മ്മ പരിപാടികള്‍ കേരളത്തിന്റെ വാണിജ്യ വ്യവസായ തലസ്ഥാനമായ എറണാകുളത്ത് വിജയകരമായി നടപ്പിലാക്കുവാനും വകുപ്പിന് സാധിച്ചു. സാമൂഹ്യ സാമ്പത്തിക മേഖലയുടെ സമഗ്ര വളര്‍ച്ചയും തൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയം.
പുതിയ തൊഴില്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ 23 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പ്രതിമാസം 20,000 രൂപയായി ഉയര്‍ത്തി.
ഇരിപ്പിടം ഇനി അവകാശം
വസ്ത്രശാലകള്‍, ജ്വല്ലറികള്‍ തുടങ്ങി വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇരിപ്പിടം ഒരു പ്രധാന പ്രശ്നമായിരുന്നു. ജോലിസമയം പൂര്‍ണ്ണമായും നിന്നുകൊണ്ട് ജോലിചെയ്യുവാന്‍ ഇവരില്‍ പലരും നിര്‍ബന്ധിതരായി. ഈ നീതി നിഷേധത്തിനുള്ള പരിഹാരമായാണ് തൊഴിലിടങ്ങളില്‍ ഇരിപ്പിടം ഉറപ്പാക്കി നിയമഭേദഗതി കൊണ്ടുവന്നത്. തൊഴില്‍ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടം നല്‍കേണ്ട ഉത്തരവാദിത്വം ഇനി തൊഴിലുടമയില്‍ നിക്ഷിപ്തമാണ്. തൊഴിലിടങ്ങള്‍ തൊഴിലാളി സൗഹൃദമായിരിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. നിലവിലുണ്ടായിരുന്ന നിയമവ്യവസ്ഥ പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും ആഴ്ചയിലൊരു ദിവസം നിര്‍ബന്ധമായും അടച്ചിടണമായിരുന്നു. പുതിയ നിയമ ഭേദഗതിയില്‍ ഈ വ്യവസ്ഥ റദ്ദാക്കി. ഇതിന്റെ ഫലമായി സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ശമ്പളത്തോടുകൂടിയ ഒരു അവധി നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
തൊഴില്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തൊഴിലിടങ്ങളെ അവയുടെ മികവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി വരുന്നു. വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും കൂടുതല്‍ തൊഴില്‍ സൗഹൃദമാക്കുന്നത് ലക്ഷ്യമിട്ട് വജ്ര, സുവര്‍ണ, രജത എന്നിങ്ങനെ മൂന്നായി തൊഴിലിടങ്ങളെ തരംതിരിക്കുന്നു. ജില്ലയില്‍ നൂറിലധികം തൊഴില്‍ സ്ഥാപനങ്ങള്‍ തൊഴിലാളി സൗഹൃദമായ അന്തരീക്ഷം ഒരുക്കി പദ്ധതിയില്‍ പങ്കാളികളായപ്പോള്‍ അയ്യായിരത്തിലധികം തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കേരള വാണിജ്യ-വ്യവസായ നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള ഈ ഗ്രേഡിംഗ് സംവിധാനം തൊഴിലാളി സൗഹൃദജില്ല എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പായിരുന്നു. ജില്ലയിലെ ഐ.ടി മേഖല മുതല്‍ സെക്യൂരിറ്റി തൊഴില്‍ മേഖല വരെ നിരവധി തൊഴില്‍ മേഖലകളില്‍ പദ്ധതി തൊഴിലാളികള്‍ക്ക് ആശ്വാസമായി.
ജില്ലയിലെ തൊഴില്‍ മേഖലയിലെ നിര്‍ണ്ണായക ശക്തിയായ അതിഥി സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ടാണ് ആവാസ് പദ്ധതി നടപ്പിലാക്കുന്നത്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പതിനയ്യായിരം രൂപയുടെ ചികിത്സാ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇതിലൂടെ ഉറപ്പുനല്‍കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് പരിരക്ഷ ഒരുക്കുന്ന ഇത്തരമൊരു സംരംഭം രാജ്യത്തുതന്നെ ആദ്യമാണ്.
അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും തൊഴില്‍ വകുപ്പ് മുന്‍കൈയെടുത്ത് നടത്തുന്നു. ഇവര്‍ കൂടുതലായുള്ള പെരുമ്പാവൂര്‍, ആലുവ മേഖലകളില്‍ ഇവര്‍ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡും മറ്റു ഇ-സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. തൊഴില്‍പരമായ പരാതികള്‍ അറിയിക്കുവാനുള്ള സൗകര്യങ്ങളും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പുതിയ തൊഴില്‍ പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയും നോക്കുകൂലി വിമുക്ത ജില്ലയായി മാറി. തൊഴില്‍ സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പറായ 180042555214 പ്രവര്‍ത്തനസജ്ജമാണ്. തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മേഖലയെ അടിമുടി കമ്പ്യൂട്ടര്വല്ക്കരിച്ചു. രജിസ്ട്രേഷനും ലൈസന്‍സിനും മറ്റുമായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷകളില്‍ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. ആധുനികവും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട സംരംഭകത്വ സാധ്യതകളാണ് തൊഴില്‍ വകുപ്പ് തുറന്നിടുന്നത്.
- Log in to post comments