സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതിയുടെ പക്ഷത്ത് : മന്ത്രി എ സി മൊയ്തീന്
സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതിയുടെ പക്ഷത്തും സാധാരണക്കാര്ക്കൊപ്പവുമാണെന്ന് തദേശ സ്വയഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്. കുന്നംകുളം നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം തിപ്പിലശ്ശേരി സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സാധാരണക്കാരെ മറക്കില്ല. ബദല്‍ വികസന കാഴ്ചപ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ മുതല്‍ മുടക്കിനോടൊപ്പം നാട്ടുകാരുടെ പങ്കാളിത്തം ചേരുമ്പോള്‍ നാട്ടില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. കേരളത്തിലെ മുഴുവന്‍ മനുഷ്യരുടേയും ജീവിത നിലവാരം ഉയര്‍ത്തലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മുതല്‍ മുടക്കാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയത്. നാടിന്റെ വികസനത്തിന് വന്‍ മൂലധന നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്ഷേമ പ്രവര്‍ത്തനങ്ങളിലും ആയിരം ദിനം കൊണ്ട് വലിയ നേട്ടങ്ങള്‍ സാധ്യമായി. ജില്ലയിലും വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അക്കിക്കാവ് - കടങ്ങോട്- എരുമപ്പെട്ടി റോഡ് കിഫ് ബി യില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ജില്ലയിലെ ആദ്യ റോഡാണ്. വികസനകാര്യത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.. ഡോ. പി.കെ. ബിജു എം.പി. അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാല്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭന, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു, വിവിധ ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീര്‍ സ്വാഗതവും ബിന്ദു കെ.ടി. നന്ദിയും പറഞ്ഞു.
- Log in to post comments