Skip to main content

ക്ഷേത്ര കലാശ്രീ അവാർഡ്  കലാമണ്ഡലം ഗോപിയാശാന്

 

ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്രകലാശ്രീ അവാർഡിന് കലാമണ്ഡലം ഗോപിയാശാൻ അർഹനായി. ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ അവാർഡ് 25001 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.  കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ക്ഷേത്രകലാ ഫെലോഷിപ്പ്. 15001 രൂപയും മൊമന്റോയും പ്രശസ്തി പത്രവുമാണ് ഫെലോഷിപ്പ്. ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. 

18 പേർ ഈ വർഷത്തെ ക്ഷേത്രകലാ അവാർഡിന് അർഹരായി. സന്തോഷ് ഉദയവർമ്മൻ (ദാരു ശിൽപം), പടിഞ്ഞാറ്റയിൽ രമേശൻ (ലോഹശിൽപം), ശങ്കരൻ ശിൽപി കുന്നരു (ശിലാശിൽപം), ബിജു പാണപ്പുഴ (ചുമർ ചിത്രം), ശങ്കരൻ എമ്പ്രാന്തിരി, നീലേശ്വരം (തിടമ്പുനൃത്തം), കരിയിൽ സതീശൻ നമ്പ്യാർ (കളമെഴുത്ത്), സദനം കെ രാമൻകുട്ടി നായർ, തൃശ്ശൂർ (കഥകളി), കലാമണ്ഡലം പ്രഭാകരൻ, എറണാകുളം (തുള്ളൽ), തൃപ്പൂണിത്തുറ കൃഷ്ണദാസ് (ക്ഷേത്രവാദ്യം), ഗോപിനാഥ് ആയിരംതെങ്ങ് (ക്ഷേത്ര വൈജ്ഞാനിക സാഹിത്യം), പുളിയാമ്പള്ളി ശങ്കരമാരാർ (സോപാന സംഗീതം), മാണി നീലകണ്ഠചാക്യാർ ഇരിങ്ങാലക്കുട (ചാക്യാർകൂത്ത്), പി കെ ഹരീഷ് നമ്പ്യാർ, ലക്കിടി (കൂടിയാട്ടം),  പി ആർ ശിവകുമാർ, ഗുരുവായൂർ (കൃഷ്ണനാട്ടം), ശ്രീരാജ് കിള്ളിക്കുറിശ്ശിമംഗലം, പാലക്കാട് (പാഠകം), കലാമണ്ഡലം വാണിവാസുദേവൻ ആലുവ (നങ്ങ്യാർകൂത്ത്), രതീഷ് കുമാർ പല്ലവി (ശാസ്ത്രീയ സംഗീതം), പി സരസ്വതി, പയ്യന്നൂർ (അക്ഷരശ്ലോകം) എന്നിവർക്കാണ് അവാർഡ്. 7500 രൂപയും മൊമന്റോയും പ്രശസ്തി പത്രവുമാണ് നൽകുക.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. അവാർഡ് പ്രഖ്യാപനത്തിനായി പി ആർ ഡി ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അക്കാദമി ഭരണസമിതി അംഗം ടി വി രാജേഷ് എം എൽ എ, ചെയർമാൻ ഡോ. കെ എച്ച് സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, അംഗങ്ങളായ സി കെ രവീന്ദ്രവർമ്മ രാജ, ഗോവിന്ദൻ കണ്ണപുരം, പി ആർ ഒ ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു. 

 

date