മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് : കനകദുര്‍ഗയുടെ പരാതിയിന്‍മേല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന കനകദുര്‍ഗയുടെ പരാതിയിന്‍മേല്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയോട് റിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തിരൂര്‍ റസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷണര്‍ കെ മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിലാണ് നടപടി. ലഭിച്ച 49 പരാതികളില്‍ 13 എണ്ണത്തിന് കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു.
നെഹ്റു കോളേജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിന്‍മേല്‍ കോളേജ് പ്രിന്‍സിപ്പാളോട് വിശദീകരണം നല്‍കാനും ആരോഗ്യ സര്‍വകലാശാല റജിസ്ട്രാറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു.
പള്ളി വക സ്ഥലം സംബന്ധിച്ച് പരാതി നല്‍കിയതിന്റെ പേരില്‍ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ച ഇരുമ്പിലകം തെക്കേ ജുമാമസ്ജിദ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചിട്ടും ഹാജരാകത്തതിനാല്‍ തിരൂര്‍ ഡിവൈഎസ്പി മുഖാന്തിരം സമന്‍സ് അയക്കാനും ഉത്തരവായി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തലവേദനയുമായി പ്രവേശിപ്പിച്ച സഹോദരിക്ക് ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥ മൂലം മരണം സംഭവിച്ചുവെന്ന പരാതിയിന്‍മേല്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടു.
- Log in to post comments