Skip to main content

നായികയും സംവിധായികയും ഒന്നിച്ചു; അതിജീവനം വികാരനിര്‍ഭരമായി

പടപ്പാട്ടുകളുടെ വിപ്ലവകാരി പി.കെ മേദിനിയും സംവിധായിക സജിത മഠത്തിലും അതിജീവനം 2019 ല്‍ ഒന്നിച്ചപ്പോള്‍ ഇതള്‍ വിരിഞ്ഞത് മറവിയിലാണ്ടു പോയേക്കാമായിരുന്ന ഒരു കാലഘട്ടമായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സി.എം.എസ് കോളേജില്‍ നടത്തിയ ഡോക്യുമെന്ററി ഫെസ്റ്റിവലിലാണ് നായികയും സംവിധായികയും ഒന്നിച്ചെത്തിയത്. 'പി.കെ മേദിനി - മാറ്റങ്ങളുടെ പാട്ടുകാരി 'ഒരുമിച്ചിരുന്ന് കണ്ട നായികയും സംവിധായികയും കണ്ണീരണിഞ്ഞു. പട്ടിണിച്ചൂരേറ്റ ജീവിതയാത്രകള്‍ വിപ്ലവ ഗാനങ്ങളുടെ കരുത്തില്‍ അതിജീവിച്ച മേദിനിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഡോക്യുമെന്ററി.  ഡോക്യുമെന്ററി നിര്‍മ്മാണവേളയിലെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ ഇരുവരും ഓര്‍ത്തെടുത്തു. എഴുതപ്പെട്ട തിരക്കഥയില്ലാതെ പി.കെ മേദിനി സഞ്ചരിച്ച വഴികളിലൂടെ യാത്ര ചെയ്ത് ഓര്‍മ്മകള്‍ സ്വാഭാവികമായി ദൃശ്യവത്ക്കരിക്കുന്ന രീതിയാണ് അവലംബിച്ചതെന്ന് സജിത മഠത്തില്‍ പറഞ്ഞു. വളരെ കുറച്ച് മാത്രമാണ് അവരെക്കുറിച്ച് നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടി വന്നത്. ഒരു സാംസ്‌ക്കാരിക പ്രവര്‍ത്തക എന്ന നിലയ്ക്ക് മേദിനിയമ്മയുടെ ജീവിതം രേഖപ്പെടുത്തി വയ്ക്കണം എന്നത് തന്റെ വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നെന്നും അവര്‍ പറഞ്ഞു. സംഭാഷണത്തോടൊപ്പം പാട്ടുകള്‍ക്കു നല്‍കിയാണ് ഡോക്യുമെന്ററി ചെയ്തത്.

 

തന്നെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി പുതുതലമുറയ്ക്ക്  പഴയ കാല ജീവിതത്തെക്കുറിച്ചും നമ്മളെ നമ്മളാക്കാന്‍ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിത്വത്തെക്കുറിച്ചും അറിയാന്‍ സാധിക്കുന്നു എന്നതാണ് തനിക്ക് സന്തോഷം നല്‍കുന്നതെന്ന് മേദിനിയമ്മ മുഖാമുഖത്തില്‍ പറഞ്ഞു. കലയും സാഹിത്യവുമൊക്കെ എന്നും തനിക്ക് പ്രിയപ്പെട്ടവയായിരുന്നു. ഈ ഡോക്യുമെന്ററിക്ക് മുന്‍പുള്ള നാളുകള്‍ ഞാന്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.എന്നാല്‍ ഇത് ചെയ്തപ്പോള്‍ എനിക്ക് ആത്മവിശ്വാസം വര്‍ധിച്ചു. സഖാവ്  കൃഷ്ണപ്പിള്ളയെക്കുറിച്ച് നിര്‍മ്മിച്ച 'വസന്തത്തിന്റെ കനല്‍വഴികള്‍' എന്ന സിനിമയില്‍ സംഗീത സംവിധാനം ചെയ്യാനും പാടി അഭിനയിക്കാനും സാധിച്ചു. എന്നെ ഞാനാക്കിയത് തൊഴിലാളികളാണെന്നും അവര്‍ക്ക് വേണ്ടി ഈ ഡോക്യുമെന്ററി സമര്‍പ്പിക്കുന്നുവെന്നും മേദിനിയമ്മ പറഞ്ഞു.

                                                                (കെ.ഐ.ഒ.പി.ആര്‍-281/19)  

date