മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഓപ്പറേഷന് 'കിംഗ് കോബ്ര' യുമായി ജില്ലാ ഭരണകൂടം
സുരക്ഷ കണക്കിലെടുത്ത് വിമാനത്താവള പരിസരത്ത് സുരക്ഷ മുന്‍നിര്‍ത്തി മാലിന്യ നിക്ഷേപം പൂര്‍ണമായും തടയുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കോര്പ്പറേഷന്, റവന്യു-പോലീസ് വകുപ്പുകളുടെ രാത്രികാല സ്ക്വാഡിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ഓപ്പറേഷന് 'കിംഗ് കോബ്ര' യെന്നാണ് ദൗത്യത്തിന്റെ പേര്.
വിമാനത്താവള പരിസരത്തെ മാലിന്യ നിക്ഷേപം പക്ഷികളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും ഇത് വിമാനങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നടപടി. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള പരിസരത്തെ ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേരാനും സബ് കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിമാനത്താവള പരിസരത്തെ വീടുകളില്‍ നിന്നും ഡോര്‍-ടു-ഡോര്‍ മാലിന്യ ശേഖരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തും.
ആറ്റുകാല്‍ പൊങ്കാലയ്ക്കു ശേഷം നടക്കുന്ന മാസ് ക്ലീനിംഗിന്റെ ഭാഗമായി വിമാനത്താവള പരിസരവും മാലിന്യ മുക്തമാക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്ക, കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. എ. ശശികുമാര്‍, പൊലീസ്-ആരോഗ്യ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്.പി. 212/2019)
- Log in to post comments