Skip to main content

ഐ ഒ ടി യും ത്രീഡിഡി മോഡലിങ്ങുമായി  'ലിറ്റിൽ കൈറ്റ്‌സ്' ജില്ലാ ക്യാമ്പിന് തുടക്കം

 

നൂതന സാങ്കേതിക സംവിധാനങ്ങളായ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി.) ത്രീഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 1012 പേരിൽ നിന്നും തിരഞ്ഞെടുത്ത 89 പേരാണ് സി.എച്ച്.എം.ഹയർ സെക്കന്ററി സ്‌ക്കൂൾ, എളയാവൂരിൽ  നടക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.

കൈറ്റ് വൈസ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ.അൻവർ സാദത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഐ.ഒ.ടി., ബിഗ് ഡാറ്റാ അനാലിസിസ് തുടങ്ങിയ നൂതന സംവിധാനങ്ങളുടെ കേവലം ഉപയോക്താക്കൾ എന്നതിലുപരി ഇത്തരം മേഖലകളിലെ അറിവ് ഉൽപാദകരായി നമ്മുടെ കുട്ടികളെ വളർത്താൻ കൈറ്റ് സംവിധാനമേർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്ന, ഓരോ കുട്ടിക്കും അക്കാദമിക് മാസ്റ്റർ പ്ലാൻ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ സാങ്കേതികവിദ്യയിലൂടെ വ്യക്തിഗത പഠന രീതി ആവിഷ്‌കരിക്കും. ക്യാമ്പിന്റെ തുടർച്ചയായി ഒരുലക്ഷത്തിലധികം വരുന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കും ഈ മേഖലകൾ പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്‌സ്, സോഫ്റ്റ്വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്ടിവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്സ് അഥവാ ഐ.ഒ.ടി. സ്വതന്ത്ര ത്രീഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച്, ത്രീഡി ക്യാരക്ടർ മോഡലിങ്, ക്യാരക്ടർ റിഗ്ഗിങ്, ത്രിഡി അനിമേഷൻ എന്നിവയാണ് അനിമേഷൻ മേഖലയിലെ വിദ്യാർഥികൾക്കുള്ള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ തന്നെ ക്യാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കുകയാണ് ചെയ്യുന്നത്.

മൊബൈൽ ആപ്പ് നിർമ്മാണം (ടോർച്ച് ആപ്പ്, ക്യൂആർ കോഡ് സ്‌കാനർ), റാസ്പ്‌ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, നെറ്റ്‌വർക്കിലുള്ള ഫാൻ, ലൈറ്റ് എന്നിവ ശബ്ദസിഗ്‌നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഐ.ഒ.ടി ഡിവൈസ് മാതൃക, ഇതിലേക്കാവശ്യമായ സർവ്വർ, ക്ലയന്റ് പ്രോഗ്രാമുകൾ തയാറാക്കുന്നതിനായി ആപ്പ് ഇൻവെന്റർ, പൈക്യൂട്ടി പ്രോഗ്രാമുകൾ ഉപയോഗിച്ചുള്ള ലഘു അപ്ലിക്കേഷനുകളുടെ നിർമ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയിൽ പങ്കെടുക്കുന്ന കുട്ടികൾ പരിചയപ്പെടുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ ഒ ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തൺ പ്രോഗ്രാമിങ്ങും പരിശീലിക്കുന്നു.

കൈറ്റ് ജില്ലാ കോർഡിനേറ്റർ ജയരാജ് എം, സി.എച്ച്.എം എച്ച്.എസ്.എസ് എളയാവൂർ പ്രിൻസിപ്പൽ സി സുഹൈൽ, ഹെഡ്മാസ്റ്റർ സുബൈർ പി പി, ജലീൽ കെ, മഖ്ബൂൽ കെ എം എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

 

date