Skip to main content

ശ്രദ്ധേയമായി എഡ്യൂ ഫെസ്റ്റ് 2019;   പങ്കുവെച്ചത് മികച്ച മാതൃകകൾ 

 

തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എഡ്യൂ ഫെസ്റ്റ് 2019 പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. തുടർച്ചയായ നാലാം വർഷമാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിന്റെ ഭാഗമായി വിദ്യാഭ്യാസ പ്രദർശനവും തളിപ്പറമ്പ മണ്ഡലത്തിന്റെ തനത് മാതൃകകൾ എന്ന വിഷയത്തിൽ സെമിനാറും നടന്നു. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ മികവിന്റെ പ്രദർശനമായി എഡ്യുഫെസ്റ്റ് 2019 മാറി.

തളിപ്പറമ്പ് മണ്ഡലത്തിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള മുഴുവൻ അധ്യാപകരുടെയും സംഗമമാണ് ഫെസ്റ്റിലൂടെ സാധ്യമാകുന്നത്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും ഫെസ്റ്റ് നടത്തുന്നത്. ആദ്യ വർഷം പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയായിയിരുന്നു ഫെസ്റ്റ്. പിന്നീട് അക്കാദമികം, പഠനത്തെളിവുകൾ എന്നിവക്കാണ് പ്രാധാന്യം നൽകിയത്. ഓരോ കുട്ടിയുടേയും വ്യക്തിഗത പരിഗണനയ്ക്കാണ് ഇത്തവണ പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഇരുപത്തിയേഴോളം സ്റ്റാളുകളാണ് ഫെസ്റ്റിൽ അണിനിരന്നത്. ശാസ്ത്ര പരീക്ഷണങ്ങൾ, കുട്ടികളുടെ റേഡിയോ, കൈയ്യെഴുത്ത്, ബാന്റ് മേളം, ഓട്ടൻതുള്ളൽ, മൾട്ടി പർപ്പസ് ലാബ്, കുട്ടികളുടെ ബാങ്ക് തുടങ്ങിയവ പ്രദർശനത്തിൽ ശ്രദ്ധേയമായി. തളിപ്പറമ്പിലെ വിദ്യാലയങ്ങൾക്ക് പുറമെ ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച ചില മാതൃകകളും പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്.

കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടന്ന ചടങ്ങിൽ ജെയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഐ.വി നാരായണൻ, പി ബാലൻ, പി പുഷ്പജൻ, സമഗ്ര ശിക്ഷാ കേരളം എസ്പിഡി എപി കുട്ടികൃഷ്ണൻ, ഡിഇഒ കെ രാധാകൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ കെ കെ രവി തുടങ്ങിയവർ പങ്കെടുത്തു.

 

date