ജില്ലാ സ്പോര്‍ട്സ് അക്കാഡമി വോളീബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം 21 ന്
ഇടുക്കിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജില്ലാ സ്പോര്‍ട്സ് അക്കാഡമി വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 21 ന് വൈകിട്ട് 4ന് വൈദ്യുതി വകുപ്പ് മന്ത്രിഎം.എം.മണി നിര്‍വ്വഹിക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് വോളിബോള്‍ അക്കാഡമി കായികതാരങ്ങളുടെ പരിശീലനത്തിനായി സമര്‍പ്പിക്കുന്നത്. ഇടുക്കിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള 5 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാന കായിക യുവജനക്ഷേമവകുപ്പ് വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ റോഷിഅഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ജോയ്സ് ജോര്‍ജ്ജ്എം.പിമുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്, സെക്രട്ടറി സജ്ഞയന്‍കുമാര്‍ ഐ.എഫ്.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എല്‍ ജോസഫ്, കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ സി.വിവര്ഗ്ഗീസ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ സാമൂഹിക രാഷ്ട്രീയ കായിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നൂറ് പേര്‍ക്ക് ഒരുസമയം പരിശീലനം നല്കാന് കഴിയുന്ന 3 കോര്ട്ടുകളോടുകൂടിയ സ്പോര്‍ട്സ് അക്കാഡമിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജില്ലയിലെ മുന്‍കാല പ്രമുഖ വോളീബോള്‍ താരങ്ങളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് പാലാ സെന്റ് തോമസ്സ് കോളേജും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജും തമ്മില്‍ പ്രദര്‍ശന മത്സരം നടക്കും.
- Log in to post comments