1000 ദിനാഘോഷം:മുഖ്യമന്ത്രി 25 ന് കായംകുളത്ത്
കായംകുളം: സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഉദ്ഘാടന ചടങ്ങുകള്‍ നിര്‍വ്വഹിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ 25 ന് കായംകുളത്തെത്തും.മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടികളുടെ ഏകോപനത്തിനായി കായംകുളത്ത് സംഘാടക സമിതിക്ക് രൂപം നല്‍കി.നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസ് അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ:യു പ്രതിഭ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം എന്നിങ്ങനെ സമസ്ത മേഖലകളിലും മണ്ഡലത്തിനായി വലിയ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയുതുകൊണ്ട് എം.എല്‍.എ പറഞ്ഞു.നഗരസഭയുടെ വികസന മുഖം മാറ്റിയെടുക്കുവാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞിട്ടുണ്ട്.പ്രളയത്തേയും,നിപ്പ,ഓഖി പോലെയുള്ള ദുരന്തങ്ങളേയും നിശ്ചയദാര്‍ഢ്യത്തോടുകൂടി നേരിട്ട്ട സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
25 ന് വൈകിട്ട് 6 മണിക്കാണ് മുഖ്യമന്ത്രി കായംകുളത്ത് എത്തിച്ചേരുക.പുതുതായി പണികഴിപ്പിച്ച കായംകുളം വനിതാ പോളി ടെക്‌നിക്ക് കെട്ടിട ഉദ്ഘാടനം ,നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുത്തിരിക്കുന്ന അതിനൂതന സൗകര്യങ്ങളോടു കൂടിയുള്ള കായംകുളം മള്‍ട്ടിപ്ലക്സ് തീയേറ്ററിന്റെ ശിലാസ്ഥാപനം,മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കായലോര ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം തുടങ്ങിയവെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.സംഘാടക സമിതി രക്ഷാധികാരികളായി മന്ത്രിമാരായ ജി.സുധാകരന്‍,ഡോ.റ്റി.എം തോമസ് ഐസക്ക്,പി.തിലോത്തന്‍,കെ.സി വേണുഗാപാല്‍ എം.പി എന്നിവരേയും സമിതി ചെയര്‍പേഴ്സണായി യു.പ്രതിഭ എം.എല്‍.എയേയും വര്‍ക്കിംഗ് ചെയര്‍മാനായി എന്‍.ശിവദാസിനേയും യോഗം തിരഞ്ഞെടുത്തു.ജില്ലാ കളക്ടര്‍ സമിതിയുടെ കണ്‍വീനറും കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ വര്‍ക്കിംഗ് കണ്‍വീനറുമായിരിക്കും.ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍,ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
- Log in to post comments