Skip to main content

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം: ജില്ലയിലെ പരിപാടികള്‍ ഏഴ് കേന്ദ്രങ്ങളില്‍

 ജില്ലാതല ഉദ്ഘാടനം  പുലിക്കുന്നില്‍ 
 കെ.എസ്.ടി.പി റോഡും കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡും 
 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(21ന്) വൈകുന്നേരം ആറിന് കാസര്‍കോട് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ തീയറ്ററില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ചടങ്ങില്‍ 'കാസറഗോഡ് കണക്ട്' എന്ന മൊബൈല്‍ ആപ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിക്കും. തുടര്‍ന്ന് 'സമൂഹ മാധ്യമങ്ങളും യുവതയും' എന്ന വിഷയത്തില്‍ അഡ്വ.ഹരീഷ് വാസുദേവന്‍ പ്രഭാഷണം നടത്തും. കാസര്‍കോട് തീയേട്രിക്‌സ് അവതരിപ്പിക്കുന്ന 'ആയിരം വര്‍ണ്ണങ്ങള്‍' എന്ന കലാപരിപാടികളും അരങ്ങേറും. 
 ജില്ലാതല പരിപാടികള്‍ക്ക് മുന്നോടിയായി ഇന്ന്് (21) ഉച്ചയ്ക്ക് 12 ന് കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ ജില്ലാതല നിക്ഷേപ സംഗമം വ്യവസായ വകുപ്പ് മന്ത്രി.ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും, റവന്യൂ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശഖരന്‍ അധ്യക്ഷത വഹിക്കും. മടിക്കൈ പഞ്ചായത്തിലെ 100 ഏക്കര്‍ റവന്യൂ ഭൂമി വ്യവസായ പാര്‍ക്കിനായി ചടങ്ങില്‍ കൈമാറും.
22ന് രാവിലെ 11ന് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കെ.എസ്.ടി.പി റോഡ്, അലാമിപ്പള്ളിയിലെ നഗരസഭ ബസ് സ്റ്റാന്റ്, വിവിധ വകുപ്പുകളുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജി.സുധാകരന്‍, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി, ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് അലാമിപള്ളിയിലെ മുഖ്യവേദിയില്‍ 250 വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന 'സ്വാതന്ത്ര്യത്തന്റെ പ്രാണനൂല്‍' എന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉണ്ടാകും. 
23ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ബേക്കല്‍ തച്ചങ്ങാട് കള്‍ച്ചറല്‍ സെന്ററില്‍ 'കാസര്‍കോടിന്റെ ടുറിസം വികസന സാധ്യതകള്‍' എന്ന സെമിനാറും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. സെമിനാര്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബി.ആര്‍.ഡി.സിയും ഡി.ടി.പി.സിയുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  25 മുതല്‍ 27 വരെ തൃക്കരിപ്പൂര്‍ ടൗണില്‍ 'അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ 2019' പ്രദര്‍ശനം നടക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഫെസ്റ്റില്‍ 15 ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. 
25 രാവിലെ 10ന് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്തെ വേദിയില്‍ പട്ടയമേള നടക്കും. അഞ്ഞൂറോളം പട്ടയങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. 
26ന് രാവിലെ 11ന് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ശിലാസ്ഥാപനവും മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. തുടര്‍ന്ന് 'മാധ്യമവര്‍ത്തമാനം' സെമിനാറില്‍ എതിര്‍ദിശ പത്രാധിപര്‍ പി.കെ സുരേഷ്‌കുമാര്‍ സംസാരിക്കും. അന്നുതന്നെ ഗോവിന്ദപൈ സ്മാരക മന്ദിരത്തില്‍ പന്തിഭോജനവും സെമിനാറും ഉണ്ടാകും. 27ന് മഞ്ചേശ്വരം ദുര്‍ഗിപ്പള്ളത്ത് തുളു അക്കാദമിയുടെ തറക്കല്ലിടല്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. 
ആയിരം ദിനാഘോഷങ്ങളുടെ ജില്ലാതല സമാപന സമ്മേളനം 27ന് വൈകിട്ട് ആറിന്  നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. 
20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ചെറുതും വലുതുമായ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍, പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍, പട്ടയമേള, ലൈഫ് മിഷന്‍, ഓഖി, സുനാമി പദ്ധതികളുടെ വീടുകളുടെ താക്കോല്‍ദാനം, ആറ് ബഡ്‌സ് സ്‌കൂളുകളുടെ ഉദ്ഘാടവും എട്ട് സെമിനാറുകളും നടക്കും. ഏഴു കേന്ദ്രങ്ങളില്‍ കലാപരിപാടികളും സാംസ്‌ക്കാരിക സമ്മേളനങ്ങളും ഉണ്ടാകും.  
മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, ഇ.പി ജയരാജന്‍, ജി.സുധാകരന്‍, സി.രവീന്ദ്രനാഥ്, കര്‍ണാടക നഗരവികസന മന്ത്രി യു.ടി ഖാദര്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എം.വീരപ്പമൊയ്‌ലി എം.പി, പി.കരുണാകരന്‍ എംപി, എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.ജി.സി ബഷീര്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date