വികസന മേഖലയില്‍ രാജ്യത്തിന് പ്രതീക്ഷയാകാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞു : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
പ്രതിസന്ധികള്‍ക്കിടയിലും കുതിക്കുന്ന സര്‍ക്കാര്‍ എന്ന ആശയം ആയിരം ദിനങ്ങള്‍കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞുവെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ വ്യത്യസ്തമാകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വികസന രംഗത്ത് ഇന്ത്യ രാജ്യത്തിന് പ്രതീക്ഷയായി മാറാന്‍ കേരളത്തിന് കഴിഞ്ഞത് സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണത്തിലൂന്നിയ ബദല്‍ സാമ്പത്തികനയം മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തേക്കിന്‍കാട് ലേബര്‍ കോര്‍ണറില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.
നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചിന്ത ഉണരുന്നിടത്തല്ലാം കേരള സര്‍ക്കാരിന്റെ സാമ്പത്തിക വികസന നയങ്ങള്‍ ചര്‍ച്ചയാവുന്ന സ്ഥിതിയാണുളളത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം പ്രതിസന്ധികള്‍ നേരിട്ട മറ്റൊരു സര്‍ക്കാരില്ല. വരള്‍ച്ചയും ഓഖിയും നിപ്പയും പ്രളയവും കേരളത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കരുതിയെങ്കിലും അവയെ നേരിടാനും അതിജീവിക്കാനും കേരളത്തില്‍ കഴിഞ്ഞത് ജനങ്ങളുടെ പിന്തുണ മൂലമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ബദല്‍ ആരോഗ്യനയമാണ് നിപ്പയുടെ വ്യാപനം തടഞ്ഞത്. പൊതു ആരോഗ്യമേഖലയില്‍ നിക്ഷേപം നടത്തി കൊണ്ട് ആര്‍ദ്രം മിഷനിലൂടെ ആരോഗ്യരംഗത്തെ ശാക്തീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
ആയിരം ദിവസങ്ങള്‍ക്കുളളില്‍ രണ്ടായിരം കോടി രൂപയുടെ മൂലധന നിക്ഷേപമാണ് പൊതുവിദ്യഭ്യാസ രംഗത്ത് കേരളത്തില്‍ നടന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ നിക്ഷേപമാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തി. ആരോഗ്യ മേഖലയില്‍ രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപവും നടന്നു. ബദല്‍ സാമ്പത്തിക സ്രോതസ്സുകളിലേക്കുളള അന്വേഷണമാണ് കിഫ്ബിയുടെ സാധ്യതകളിലേക്ക് എത്തിച്ചത്. സമ്പത്തിന്റെ നീതിപൂര്‍വ്വവും ജനാധിപത്യപരമായ വിതരണക്രമത്തിലൂടെ പാര്ശ്വവല്ക്കരിക്കപ്പെടാത്ത ഒരു ജനതയെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വ്യക്തമാക്കി. ആയിരം ദിനങ്ങള്‍ യാന്ത്രികമായി പിന്തുടരുകയല്ലെന്നും പ്രതിസന്ധികള്‍ മറികടക്കാന്‍ ബദല്‍ നയങ്ങള്‍ രൂപീകരിച്ച് നടപ്പാക്കി സര്‍ക്കാര്‍ ആയിരം ദിനങ്ങളെ സമ്പന്നമാക്കുകയാണ് ചെയ്തെന്നും കേരളത്തിന്റെ ആയിരം ദിനങ്ങള്‍ ഇന്ത്യ രാജ്യത്തിന് തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളിലൂടെ കേരളീയ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ ആയിരം ദിവസം കൊണ്ട് കേരള സര്‍ക്കാറിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ദേശീയ വളര്‍ച്ച നിരക്കിനെക്കാള്‍ +3 വളര്‍ച്ചനിരക്ക് രേഖപ്പെടുത്താന്‍ കേരളത്തിന് സാധിച്ചത് അടിസ്ഥാന വികസന നയങ്ങള്‍ മൂലമാണ്. ജനങ്ങളിലാണ് സര്‍ക്കാറിന്റെ വിശ്വാസം, ദിശാബോധത്തോടെയാണ് സര്‍ക്കാരിന്റെ പോക്ക്. മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.
ഉല്പന്ന വിപണന പ്രദര്‍ശന മേള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ ആയിരം ദിനം ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മേയര്‍ അജിത വിജയന് നിര്‍വഹിച്ചു. സി എന്‍ ജയദേവന് എംപി വിശിഷ്ടാതിഥിയായി. എംഎല്‍എ മാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി,
അഡ്വ. കെ രാജന്, അഡ്വ. വി ആര് സുനില്‍കുമാര്‍, മേയര്‍ അജിത വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, അസിസ്റ്റന്റ് കളക്ടര്‍ പ്രേംകൃഷ്ണന്‍, കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ ബി മോഹനന്, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണന്, ആരോഗ്യ സര്‍വലകലാശാല പ്രൊഫ. വി സി ഡോ. നളിനാക്ഷന്, ഡോ. സി രാവുണ്ണി, ലളിതാ ലെനിന്, ഡോ. എന്‍ ആര് ഗ്രാമപ്രകാശ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ടി വി അനുപമ സ്വാഗതവും എഡിഎം സി ലതിക നന്ദിയും പറഞ്ഞു.
- Log in to post comments