Skip to main content

നൂതന മാര്‍ക്കറ്റിംഗ്‌ സംവിധാനമൊരുക്കി ജീവനി ഇക്കോഷോപ്‌

ചെറുകിട കൃഷിക്കാര്‍ക്ക്‌ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ നൂതന മാര്‍ക്കറ്റിംഗ്‌ സംവിധാനമൊരുക്കി ജീവനി ഇക്കോഷോപ്‌ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ വിഎസ്‌ സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കൃഷി വകുപ്പ്‌, തൃശൂര്‍ കോര്‍പറേഷന്‍, അയ്യന്തോള്‍ കൃഷിഭവന്‍ എന്നീ വകുപ്പുകള്‍ സംയുക്തമായാണ്‌ പുതൂര്‍ക്കര അയ്യന്തോള്‍ കൃഷി ഭവനില്‍ പരിപാടി സംഘടിപ്പിച്ചത്‌. കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. ജൈവ കൃഷിയിലൂടെ വികസിപ്പിച്ച നടന്‍ പച്ചക്കറികള്‍ വില്‌പനക്കൊരുക്കിയ ജീവനി ഇക്കോഷോപ്‌ മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. നാടന്‍ പച്ചക്കറികള്‍ക്ക്‌ പുറമെ പ്രാദേശിക പഴവര്‍ഗങ്ങള്‍, വളങ്ങള്‍, ഗ്രോ ബാഗ്‌സ്‌ എന്നിവ ഇക്കോഷോപ്പില്‍ ലഭ്യമാണ്‌. സംസ്ഥാന സര്‍ക്കാര്‍ 1000 ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായാണ്‌ ഈ സംവിധാനം നടപ്പിലായത്‌. ഇതിനു പുറമെ കാര്‍ഷിക വകുപ്പ്‌ നല്‍കുന്ന ഒരു ലക്ഷം രൂപയുടെ റിവോള്‍വിങ്‌ ഫണ്ടിന്റെ സഹായവും കര്‍ഷകര്‍ക്ക്‌ ലഭിക്കും. കൃഷി വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ഈ ഫണ്ട്‌ ഉപയോഗിച്ചു കര്‍ഷകര്‍ക്ക്‌ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില അപ്പോള്‍ തന്നെ ലഭിക്കും. ഇതിനു പുറമെ എല്ലാ പഞ്ചായത്തുകളിലും കര്‍ഷകമിത്ര ഡിവൈസിന്റെ പ്രയോജനവും ലഭ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ഇതിലൂടെ 100 കര്‍ഷകരുമായി ഒരേ സമയം നിരന്തര ബന്ധം പുലര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പറേഷന്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ചാലിശ്ശേരി, പൊതു മരാമത്തു സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ എം പി ശ്രീനിവാസന്‍, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്‌, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ കല, പുഴയ്‌ക്കല്‍ കൃഷി അസിസ്റ്റന്റ്‌ ഡയറക്ടര്‍ സി ജെ സണ്ണി, അയ്യന്തോള്‍ കൃഷി ഓഫീസര്‍ ഉണ്ണിരാജന്‍ പി, ജീവനി ഇക്കോഷോപ്‌ പ്രസിഡന്റ്‌ ഗോപിനാഥന്‍ കൊളങ്ങാട്ട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date