കുന്നംകുളം, അക്കിക്കാവ് സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കുന്നംകുളം, അക്കിക്കാവ് സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ശിലാഫലക അനാഛാദനം തദ്ദേശസസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് നിര്‍വ്വഹിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് സബ രജിസ്ട്രാര്‍ ഓഫീസുകള്‍ കുന്നംകുളത്തിന്റെ വികസന മുഖഛായ മാറ്റുമെന്ന് മന്ത്രി എ സി മൊയ്തീന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മിഷനുകളിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിനായി 80,77,193 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 418.9 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. താഴത്തെ നിലയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, ലൈബ്രറി, ഓഡിറ്റ് റൂം, കക്ഷികള്‍ക്ക് ഇരിയ്ക്കാനുള്ള വരാന്ത, 5 ടോയ്ലറ്റ്, മുകളിലത്തെ നിലയില്‍ റെക്കോര്‍ഡ് റൂമുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അക്കിക്കാവ് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിനായി 78,99,995 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 352.56 ചതുരശ്ര മീറ്ററിലാണ് നിര്‍മ്മിക്കുന്നത്. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം പത്മിനി ടീച്ചര്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന് മാസ്റ്റര്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന യുപി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments