Skip to main content

പകര്‍ച്ചവ്യാധികളെ തടയുന്നതില്‍ യുവതലമുറക്ക്‌ വലിയ പങ്കുണ്ട്‌ : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധിക്കുന്നതില്‍ യുവതലമുറക്ക്‌ വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്നും അതിനാല്‍ അവരെ ബോധവല്‍കരിക്കുന്നതിനു വലിയ പ്രാധാന്യം ഉണ്ടെന്നും കൃഷി വകുപ്പ്‌ മന്ത്രി അഡ്വ, വി എസ്‌ സുനില്‍കുമാര്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരായ സര്‍ക്കാരിന്റെ ആരോഗ്യജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം റീജ്യണല്‍ തീയറ്ററില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ ആരോഗ്യവകുപ്പിനോടൊപ്പം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, സാമൂഹ്യനീതി, വിദ്യാഭ്യാസ വകുപ്പ്‌ തുടങ്ങി എല്ലാ വകുപ്പുകളും ഉത്തരവാദിത്തത്തോടെ മുന്നേറണമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ മുഖ്യ ആരോഗ്യപ്രശ്‌നമായി മാറുന്ന കൊതുകുജന്യരോഗങ്ങളും, ജലജന്യരോഗങ്ങളും തടയുന്നതിന്‌ ഓരോ പൗരനും ആരോഗ്യജീവനക്കാരോടൊപ്പം തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോപ്പര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍, സി എന്‍ ജയദേവന്‍ എംപി, അഡ്വ. കെ രാജന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാഥിതികളായി. എമേര്‍ജിങ്‌ ആന്‍ഡ്‌ റീമേര്‍ജിങ്‌ ഓഫ്‌ ഡിസീസസ്‌ എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന മുഖ്യ പ്രഭാഷണം നടത്തി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം എല്‍ റോസി, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്‌ജുള അരുണന്‍, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ജെന്നി ജോസഫ്‌ ,തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഭാഷിണി, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഹോമിയോ ഡി എം ഒ ഡോ .മറിയാമ്മ ജോണ്‍, ഐ സി ഡി എസ്‌ പ്രോഗ്രാം ഓഫീസര്‍ കെ ചിത്രലേഖ , ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സ്വാഗതവും ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി സതീശന്‍ നന്ദി പറഞ്ഞു . പരിപാടിയോടനുബന്ധിച്ച്‌ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും വിവിധ ബോധവല്‍ക്കരണ കലാപരിപാടികള്‍ സംഘടിപ്പിച്ചു.

date