റെഡി റ്റു സ്റ്റാര്‍ട്ടപ്പ്; യുവസംരഭകര്‍ക്ക് പ്രതീക്ഷയേകി മാങ്ങാട്ടുപറമ്പ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഉദ്ഘാടനം 22ന്
മലബാറിന്റെ സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെയും നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഫെബ്രുവരി 22 വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ മലബാറിലെ പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും യുവസംരഭകരുടെ സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയുമാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിലൂടെ ലക്ഷ്യമിടുന്നത്.
നഷ്ടത്തിലായ ക്ലെയ്സ് ആന്റ് സെറാമിക്സ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കം കുറിക്കുന്നത്. കമ്പനിയിലെ നിലവിലുള്ള തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയില്‍ നൂതന പദ്ധതികളെക്കുറിച്ച് ആലോചിക്കവെ ഇത്തരമൊരു വിഷയം ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ക്ലെയിസിന്റെ കെട്ടിടം ഇന്‍ക്യുബേഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് വിട്ടുനല്‍കുകയുമായിരുന്നുവെന്ന് കെസിസിപിഎല്‍ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ പറഞ്ഞു. കെട്ടിടം നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുവദിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. 23000 ചതുരശ്ര അടിയിലാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ മുന്‍കൈ എടുത്താണ് ഇന്‍ക്യൂബേഷന്‍ സെന്ററിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കിയത്.
മലബാര്‍ ഇന്നൊവേഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണിനാണ് (മൈ സോണ്‍) സെന്ററിന്റെ നടത്തിപ്പ് ചുമതല. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം തൊഴില്‍ദാതാക്കളായി സംരഭകരെ മാറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ഇന്നൊവേഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ശീലന്‍ സുഗുണന്‍ വ്യക്തമാക്കി. ഇതിനായി ലോകത്തിന്റെ വിവിധ ഐടി മേഖലകളിലുള്ള പരിചയസമ്പന്നരായ ടീമിന്റെ സേവനവും ലഭ്യമാക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതയും സെന്ററിന് പ്രയോജനപ്പെടുത്താനാകും. സ്റ്റാര്‍ട്ടപ്പ് സംരഭകര്‍ക്ക് വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ജോലി നല്‍കുക എന്നതല്ല ജോലി ദാതാക്കളായി ഓരോരുത്തരെയും മാറ്റുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. 305 സീറ്റുകളുള്ള ഇന്‍ക്യുബേഷന്‍ സെന്ററിന്റെ 60 ശതമാനം സീറ്റുകളും ഇതിനോടകം ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞതായി മൈസോണ്‍ എംഡി കെ സുഭാഷ് ബാബു അറിയിച്ചു. കണ്ണൂര്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംരഭങ്ങളാണ് ഇതില്‍ കൂടുതലും.
- Log in to post comments