Skip to main content

പാട്യം പകല്‍ വീട്  ഉദ്ഘാടനം ചെയ്തു

 

       പ്രായം ചെന്നവര്‍ക്കുള്ള മാതൃകാപകല്‍ വീടുകള്‍ കാലക്രമേണ സംസ്ഥാനത്തെല്ലായിടത്തും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ പാട്യം പകല്‍വീട് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷണാര്‍ത്ഥം ജില്ലയില്‍ ഒന്നോ രണ്ടൊ സ്ഥലത്ത് പകല്‍വീട് നിര്‍മ്മിച്ചതിന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മറ്റിടങ്ങളിലും വ്യാപിപ്പിക്കും. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് എ അശോകന്‍ അധ്യക്ഷനായി. 

       ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന രണ്ടാമത്തെ പകല്‍വീടാണിത്. സമൂഹത്തിലെ ഒറ്റപ്പെടുന്നതും കഷ്ടതകള്‍ അനുഭവിക്കുന്നതുമായ മാനസികാസ്വസ്ഥ്യമുള്ളവര്‍ക്ക് സമയം ചിലവിടാനും താമസിക്കുവാനുമുള്ള ഇടമാണ് പകല്‍വീട് . കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പാട്യം, ചിറ്റാരിപറമ്പ, കുന്നോത്തുപറമ്പ, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ഈ പദ്ധതി ഫലപ്രദമാകുക. 18 നും 55 നും ഇടയില്‍ പ്രായമുള്ള മാനസികാസ്വസ്ഥ്യമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും സാമൂഹ്യപരവും മാനസികപരവുമായ വികസനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പാട്യം ചെറുവാഞ്ചേരിയില്‍ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി  40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഹാള്‍, ടെയിനിംഗ് റൂം, എന്റര്‍ടെയിന്‍മെന്റ് റൂം ,റെസ്റ്റിംഗ് റൂം, ഡൈനിംഗ് റൂം, അടുക്കള, വര്‍ക്ക് ഏരിയ, ടോയ്‌ലറ്റ് ഉള്‍പ്പെടെ 1200 ചതുരശ്ര അടി വിസ്തീര്‍ണമാണ് പകല്‍ വീടിനുള്ളത്. രാവിലെ പത്തു മുതല്‍ വൈകിട്ട് നാല് മണി വരെ ഇവര്‍ക്ക് ഇവിടെ സമയം ചിലവഴിക്കാം. പകല്‍വീട്ടിലെ അംഗങ്ങള്‍ക്കായി വാഹനസൗകര്യം, ഭക്ഷണം എന്നിവ നല്‍കുന്നത് ജില്ലാ മാനസികരോഗ്യ പദ്ധതിയുടെ ഭാഗമായാണ്.

       മാനസിക വെല്ലുവിളി നേരിട്ട വീടുകളില്‍ ഒറ്റപ്പെട്ടുകിടക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള പദ്ധതികള്‍ പകല്‍വീടു വഴി നടപ്പിലാക്കും. ഇതോടൊപ്പം ഇവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായുള്ള പരിശീലനവും നല്‍കും. മെഡിസിന്‍ കവര്‍, പേപ്പര്‍ ബാഗ്, കടലാസ് പൂക്കള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. തുടര്‍ന്ന് ഓരോരരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള പരിശീലനവും നല്‍കും. മാസത്തില്‍ ഒരു തവണ ഇവര്‍ക്കായി വൈദ്യപരിശോധനയും സംഘടിപ്പിക്കും. 

       കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷീല, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ പി ചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി ബാലന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സുജാത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബൂബക്കര്‍, കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി പി അബൂബക്കര്‍ ഹാജി, പി ബീന, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മനോജ് കുമാര്‍ അക്കോട്ടില്ലം, ഡെപ്യൂട്ടി ഡി എം ഒ ആരോഗ്യം ഡോ. രേഖ, മെഡിക്കല്‍ ഓഫീസര്‍ കുടുംബാരോഗ്യ കേന്ദ്രം ഡോ ഉല്ലാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, ഡോ ഗൗരവ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date