Skip to main content

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ സന്ദേശ യാത്ര

 

 

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുജനങ്ങളെ ജാഗരൂകരാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ആരോഗ്യ സന്ദേശ യാത്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ ബാബു, സബ് കലക്ടര്‍ ഈശപ്രിയ എന്നിവര്‍ പങ്കെടുത്തു. തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച യാത്ര ശാസ്ത്രി റോഡ് വഴി നാഗമ്പടം മൈതാനത്ത് അവസാനിച്ചു.

 

ആരോഗ്യ ജാഗ്രതയുടെ പ്രതിദിനം പ്രതിരോധം - പകര്‍ച്ചവ്യാധി പ്രതിരോധവും  നിയന്ത്രണവും പരിപാടിയുടെ  ഭാഗമായാണ് ആരോഗ്യ സന്ദേശ യാത്ര നടത്തുന്നത്. യാത്രയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗ്ഗീസ് ,ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ രാജന്‍, ജില്ലാ മലേറിയ ഓഫീസര്‍ ബി.എസ് അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ വര്‍ക്കര്‍മാര്‍, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനൂറിലേറെപ്പേര്‍ പങ്കെടുത്തു. യാത്രയില്‍ തിരുവാതിരക്കളി, കോല്‍ക്കളി, എന്നിവയും തുടര്‍ന്ന് നാഗമ്പടം മൈതാനത്ത് രോഗങ്ങള്‍ പകരുന്ന രീതിയെക്കുറിച്ചും അവയുടെ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുമുള്ള കാക്കാരശ്ശി നാടകവും അരങ്ങേറി.

 

 ഫെബ്രുവരി 18 ന് വൈക്കത്ത് നിന്നാണ് യാത്ര ആരംഭിച്ചത്.പതിനെട്ട് കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഫെബ്രുവരി 23 ന് ചങ്ങനാശ്ശേരിയില്‍ ആരോഗ്യ സന്ദേശ യാത്ര അവസാനിക്കും.

(കെ.ഐ.ഒ.പി.ആര്‍-320/19)  

date