Skip to main content
ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സാംസ്‌ക്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ.ബാലന്‍ സംസാരിക്കുന്നു.

ഒടുവില്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

 

നൈര്‍മല്യം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒടുവില്‍ ഉണ്ണികൃഷ്ണന് കേരളശ്ശേരിയില്‍ ഒരുങ്ങിയ സ്മാരക മന്ദിരം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നാടിന് സമര്‍പ്പിച്ചു. മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ചലച്ചിത്ര താരങ്ങളായ സത്യന്‍, പ്രേംനസീര്‍, കര്‍ണാടക സംഗീതജ്ഞന്‍ എം.ടി. രാമനാഥന്‍ തുടങ്ങി വിവിധ കലാമേഖലകളിലെ പ്രമുഖരുടെ സ്മരണ നിലനിര്‍ത്തുന്നതിനും കലാരംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ഇടതുപക്ഷ സര്‍ക്കാരും സാംസ്‌ക്കാരിക വകുപ്പും വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വജ്രജൂബിലി ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഇത് രാജ്യത്തെ തന്നെ ആദ്യ പദ്ധതിയാണെന്നും മന്ത്രി അറിയിച്ചു. കേരളശ്ശേരിയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വീടായ നീലാഞ്ജനത്തിന് എതിര്‍വശത്തായാണ് സ്മാരകമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ഒടുവില്‍ ഫൗണ്ടേഷന്റെ ശ്രമഫലമായി വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് സാംസ്‌ക്കാരിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയില്‍ ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാരക മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. സ്മാരക മന്ദിരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന നടന്റെ പ്രതിമ സംവിധായകന്‍ പ്രിയനന്ദന്‍ അനാച്ഛാദനം ചെയ്തു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ദേവാസുരം സിനിമയില്‍ പാടി അഭിനയിച്ച വന്ദേ മുകുന്ദ ഹരെ എന്ന ഗാനാവതരണത്തോടുകൂടിയാണ്  ചടങ്ങുകള്‍ക്ക് തുടക്കമായത്. കെ.വി.വിജയദാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ണൂര്‍ രാജകുമാരനുണ്ണി, ഒടുവില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ആര്‍. സജീവ്, ഒടുവിലിന്റെ ഭാര്യ പത്മജം, അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ, ശില്‍പ്പി ടി.എം.സുകുമാരന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുകൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ ഗ്രന്ഥശാലാ സംഘം മുന്‍ ജില്ലാ പ്രസിഡന്റ് വി.കെ. ജയപ്രകാശനെ ആദരിച്ചു.

date