ത്രിതല പഞ്ചായത്തുകള്‍ക്ക് രണ്ടാംഘട്ട ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് - വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ത്രതല പഞ്ചായത്തുകളിലെ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി രണ്ടാഘട്ടം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ബാല സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി നിയമങ്ങള്‍ നിലവിവുണ്ടെങ്കിലും നിയമത്തിന്റെ പരിരക്ഷ പലപ്പോഴും കുട്ടികള്‍ക്ക് ലഭ്യമാകുന്നില്ല എന്ന താണ് യാഥാര്‍ത്ഥ്യം. അതിനാല്‍ നമ്മുടെ തദ്ദേശ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും ബാല സൗഹൃദ ഇടങ്ങളായി മാറ്റാനുള്ള പദ്ധതികളുമായി മുന്നോട്ടു വരണം. എന്നാല്‍ മാത്രമെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഒരു പരിധി വരെ തടയാന്‍ കഴിയുകയുള്ളൂവെന്നും എം.എല്‍.എ അഭിപ്രായപെട്ടു.
ജിലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല മുഖ്യാത്ഥിയായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ഡോ. എം.പി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ബ്ലോക്ക് ബാലസംരക്ഷണ കമ്മറ്റി അംഗങ്ങള്‍ക്കും, മുനിസിപ്പാലറ്റി ബാലസംരക്ഷണ അംഗങ്ങള്‍ക്കും പഞ്ചായത്ത് ബാല സംരക്ഷണ കമ്മറ്റി അംഗങ്ങള്‍ക്കുമാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികളുടെ ശാക്തീകരണം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ സമീപനം എന്ന വിഷയത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം എം.പി ആന്റണി സംസാരിച്ചു.
ബാലാവകാശ സംരക്ഷണ സംവിധാനങ്ങളും സേവനങ്ങളും, ബാലനീതിനിയമം, സംയോജിത ശിശു സംരക്ഷണ പദ്ധതിയായ ഐ.സി.പി.എസിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലിയും കുട്ടികളുടെ അവകാശസംരക്ഷണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ എന്ന വിഷയത്തില്‍ ജില്ലാ ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ എന്‍.കെ ശ്രീലതയും സംസാരിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം എം.പി ആന്റണി മാതൃകാ പദ്ധതി അവതരണത്തിന്റെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും മോഡറേറ്ററായി. ഗ്രമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എ.കെ നാസര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന കെ,ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നീതാ ദാസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി,പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് സാലിഹ് എ.കെ എന്നിവര്‍ സംസാരിച്ചു.
- Log in to post comments