Skip to main content

ആയിരം ദിനം : ജനകീയസംരംഭങ്ങളുടെ ചിത്രങ്ങള്‍ ഒരുക്കി പി ആര്‍ ഡി സ്റ്റാള്‍ 

സംസ്‌ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമായി. സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികളുടെ നേര്‍ക്കാഴ്‌ചയായ ഫോട്ടോപ്രദര്‍ശനം നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു. സംസ്ഥാന കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍, എം.എല്‍.എമാരായ അഡ്വ. കെ. രാജന്‍, ബി.ഡി ദേവസി, മുരളി പെരുനെല്ലി, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌,ജില്ലാ കളക്ടര്‍ ടി. വി. അനുപമ, പബ്ലിക്‌ റിലേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ ഡയറക്ടര്‍ ടി.വി. സുഭാഷ്‌, തുടങ്ങിയവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. കേരളം ഒറ്റക്കെട്ടായി മുന്നേറിയ ആയിരം ദിനങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. നവകേരളനിര്‍മ്മാണവുമായി ബന്ധപ്പെട്ട പുനരുദ്ധാരണ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്‌. അഞ്ചുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ മുക്കാല്‍ഭാഗവും 1000 ദിനം കൊണ്ട്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍. പുനര്‍ജനിക്കുന്ന പുഴകള്‍, ആധുനികത യിലേക്ക്‌ ഭക്ഷ്യവിതരണം, ധനകാര്യം കാര്യക്ഷമം, പദ്ധതിനിര്‍വഹണത്തില്‍ റെക്കോര്‍ഡ്‌, വിശപ്പുരഹിത കേരളം, നവകേരളത്തിന്‌ അഭിമാന പാതകള്‍, നവകേരള നിര്‍മ്മാണം, ന്യൂനപക്ഷ ക്ഷേമം, അഭിമാന പതക്കങ്ങള്‍, ശബരിമലയ്‌ക്ക്‌ 775 കോടി, നിപയെ തോല്‍പിച്ച കേരളം, പ്രളയ പുനരധിവാസം, വനിതാ മതില്‍, ക്രമസമാധാനം, യാഥാര്‍ത്ഥ്യമാകുന്ന കേരള ബാങ്ക്‌, ഐടി തൊഴില്‍ നിക്ഷേപ സംരംഭങ്ങള്‍, പുതു വെളിച്ചം നല്‍കാന്‍ വൈദ്യുതി വകുപ്പ്‌, ഡിജിറ്റല്‍ ഹബ്ബ്‌, ഇന്‍ഫോപാര്‍ക്ക്‌, സമൃദ്ധമാവുന്ന ജലവിഭവം, കേരളമെന്ന ലോക ബ്രാന്റ്‌, ഗെയില്‍ പൈപ്പ്‌ ലൈന്‍ , കുടിവെള്ള പദ്ധതികള്‍, പ്രവാസികള്‍ക്ക്‌ സാന്ത്വനം, കശുവണ്ടി മേഖലയ്‌ക്ക്‌ പുതുജീവന്‍, വൈറോളജി ഗവേഷണകേന്ദ്രം, മത്സ്യത്തൊഴിലാളികള്‍ക്ക്‌ സമഗ്ര ഭവനപദ്ധതി, ഭൂരഹിതര്‍ക്ക്‌ ഭവനപദ്ധതി, പുനര്‍നിര്‍മ്മാണം, പുതിയ പൊതുമരാമത്ത്‌ നയങ്ങള്‍, നവകേരളത്തിനായി 4 മിഷനുകള്‍, കുടുംബശ്രീ, ഹരിതാഭമാകുന്ന വനം വകുപ്പ്‌, പി.എസ്‌.സി, ക്ഷീര കര്‍ഷക ക്ഷേമം, പിന്നോക്കക്കാര്‍ക്ക്‌ സഹായഹസ്‌തം, ചരിത്ര പൈതൃക സംരക്ഷണം, സാംസ്‌കാരിക കേരളം, ആധുനിക പാതകള്‍, തുറമുഖങ്ങള്‍ കായികമേഖല, വിമുക്തി മിഷന്‍, ജൈവ കേരളം, വ്യവസായ കേരളം, തൊഴില്‍ ക്ഷേമം, കാര്‍ഷികവിപ്ലവം, വനിതകളുടെയും കുട്ടികളുടെയും ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ഗതാഗതത്തിനു പുതുവഴികള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം, സാക്ഷരതാമിഷന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതികള്‍ എന്നീ വിഷയങ്ങളിലാണ്‌ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുളളത്‌. പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പ്രസിദ്ധീകരിച്ച സര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികള്‍ പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങളും ഭരണഘടനയെ പ്രതിപാദിക്കുന്ന ഭരണഘടനയിലേക്ക്‌ ഒരു കിളിവാതില്‍ എന്ന പുസ്‌തകവും സ്റ്റാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ സൗജന്യമായി ലഭിക്കും. രാവിലെ 10 മുതല്‍ 9 മണി വരെയാണ്‌ സ്റ്റാളിന്റെ പ്രവര്‍ത്തനം. 

date