സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷ സമ്മാനം മാർജിൻ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി; 50 ശതമാനം പലിശയിളവും അനുവദിക്കും
സംസ്ഥാനത്തെ വ്യവസായ സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന എടുത്ത മാർജിൻ മണി വായ്പയുടെ പിഴപ്പലിശ പൂർണമായി ഒഴിവാക്കാനും 50 ശതമാനം പലിശയിളവ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ഈ വർഷം ഏപ്രിൽ 30നകം ഒറ്റത്തവണയായി കുടിശ്ശിക അടച്ചുതീർക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ സമ്മാനമായാണ് ആയിരക്കണക്കിന് ചെറുകിട വ്യവസായികൾക്ക് ആശ്വാസമാവുന്ന തീരുനാനമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പിആർഡി ചംബറിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരംഭകർക്ക് പരമാവധി പിന്തുണ നൽകുന്ന സർക്കാർ നിലപാടിന്റെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മുന്നോട്ടുവച്ച നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മാർജിൻ മണി കുടിശ്ശികയുള്ള പതിനയ്യായിരത്തോളം പേർ സംസ്ഥാനത്തുണ്ടാകുമെന്നാണ് കണക്ക്. വ്യവസായം നഷ്ടത്തിലായതിനാലും മറ്റും തിരിച്ചടവ് മുടങ്ങിയ നിരവധി സംരംഭകർ ജപ്തി ഭീഷണി നേരിടുന്നുണ്ട്. പലിശ മുതലിനേക്കാൾ വർധിച്ച കേസുകളും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് ഇവർക്ക് ആശ്വാസകരമായ തീരുമാനം മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല വ്യവസായങ്ങളുടെയും തിരിച്ചുവരവിന് ഇത് വഴിയൊരുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രളയ ദുരന്തത്തിനിരയായ വ്യവസായികളെ സഹായിക്കുന്നതിന് കെഎസ്‌ഐഡിസി വഴി പുനർജനി വായ്പാ പദ്ധതി സർക്കാർ നടപ്പാക്കി. 9 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. വൻകിടസംരംഭങ്ങൾക്കു മാത്രം ലഭിച്ചിരുന്ന വലിയ തുകയുടെ വായ്പകൾ പെറുകിട വ്യവസായികൾക്കു കൂടി ഇതോടെ ലഭ്യമായി. ഹ്രസ്വകാല വായ്പാ തിരിച്ചടവ് കാലയളവ് ഒരു വർഷത്തിൽ നിന്ന് മൂന്നു വർഷമാക്കി ഉയരർത്തിയതായും മന്ത്രി പറഞ്ഞു. പ്രളയ ബാധിതരായ വ്യവസായ സംരംഭകർ പുതുതായി എടുക്കുന്ന ബാങ്ക് വായ്പയുടെ പലിശയിൽ ആറു ശതമാനം സർക്കാർ സബ്‌സിഡിയായി നൽകുന്ന ഉജ്ജയിനി പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കി വരുന്നതായും മന്ത്രി അറിയിച്ചു.
- Log in to post comments