ബന്ദാര തടയണ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു അശാസ്ത്രീയ കൃഷിരീതികൾ ഉപേക്ഷിക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി
അശാസ്ത്രീയമായ കൃഷിരീതികൾ ഉപേക്ഷിക്കണമെന്നും ശ്രദ്ധയോടും ശാസ്ത്രീയമായും കൃഷി ചെയ്താൽ മികച്ച വരുമാനം ലഭിക്കുമെന്നും ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കുറുമാത്തൂർ പഞ്ചായത്തിലെ മണിയറവയൽ, കാപ്പിൻകര, പൊന്തംകുണ്ട് ബന്ദാര തടയണ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡുകളോ പാലങ്ങളോ മാത്രമല്ല വികസനം. ഒരോ കുടുംബത്തിന്റെയും വരുമാനം വർധിപ്പിക്കുക എന്നതും ദാരിദ്ര്യത്തിന് ശമനം വരുത്തുക എന്നതുമാണ് വികസനത്തിന്റെ ലക്ഷ്യം. വരുംകാലങ്ങളിൽ കാർഷിക മേഖലയിലേക്ക് തന്നെ മടങ്ങേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നന്നായി ശ്രദ്ധിച്ച് ശാസ്ത്രീയമായി കൃഷി ചെയ്താൽ മാന്യമായ വരുമാനം നേടിയെടുക്കാൻ സാധിക്കും , മന്ത്രി പറഞ്ഞു. ജലസേചന വകുപ്പ് കൃഷിക്ക് വേണ്ടിയാണ്. അത്തരം കാഴ്ചപ്പാടോടുകൂടിയാകണം ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ. 40 ശതമാനം ആളുകൾക്ക് മാത്രമേ നാം കുടിവെള്ളം കൊടുക്കുന്നുള്ളൂ. 60 ശതമാനം പേർക്കും നല്ല വെള്ളം കിട്ടുന്നതിന് പുറത്തുനിന്നാണ്. സർക്കാർ അധികാരത്തിലെത്തിയ ശേഷം 6500 കോടി രൂപ കുടിവെള്ളത്തിന് വേണ്ടി വകയിരുത്തുകയും അതിൽ 1500 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കൃഷി ഓഫീസർമാരും ഇറിഗേഷൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാം ചേർന്ന കൂട്ടായ്മയിലൂടെ വലിയ മാറ്റം സൃഷ്ടിക്കാൻ സാധിക്കും. വാട്ടർഷെഡ് തയ്യാറാക്കുമ്പോൾ വാട്ടർ ബജറ്റ് കൂടി തയ്യാറാക്കണം. അതിൽ ജനങ്ങൾക്കും മൃഗങ്ങൾക്കും ആവശ്യമായ വെള്ളത്തിന്റെ അളവും, കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും വേണ്ടിവരുന്ന വെള്ളവും നിലവിലെ ജലലഭ്യതയും വരും കാലങ്ങളിൽ ആവശ്യമായ വെള്ളത്തിന്റെ കണക്കും ഉൾപ്പെടുത്തണം. ഇത്തരത്തിൽ ആവിഷ്‌കരിച്ചാൽ മികച്ച ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണ് ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ജെയിംസ് മാത്യു എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് കുറുമാത്തൂർ പഞ്ചായത്തിലെ മണിയറവയൽ, കാപ്പിൻകര, പൊന്തംകുണ്ട് പ്രദേശങ്ങളിലായി കാലിക്കടവ്- കരിമ്പം-പാറാട് പുഴയിൽ മൂന്ന് ബന്ദാര മോഡൽ തടയണകളാണ് നിർമ്മിക്കുന്നത്.
ചടങ്ങിൽ ജെയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചർ എം പി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണൻ, വൈസ് പ്രസിഡണ്ട് കെ ജാനകി, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ലളിത, കുറുമാത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി അധ്യക്ഷൻ പി രാജീവൻ, പഞ്ചായത്ത് അംഗങ്ങൾ, ചെറുകിട ജലസേചന വിഭാഗം കോഴിക്കോട് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
- Log in to post comments