നഗരാസൂത്രണം കാര്യക്ഷമമാക്കാൻ ഐ പി എം എസ്, സ്മാർട്ടായി തലശ്ശേരി നഗരസഭ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങൾ സുഗമവും കാര്യക്ഷമവും ആക്കുന്നതിനായി തയ്യാറാക്കിയ വെബ് അധിഷ്ഠിത സംവിധാനം ഇന്റലിജൻസ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റം (ഐ പി എം എസ്) പ്രവർത്തന സജ്ജമായി. നഗരാസൂത്രണം കാര്യക്ഷമമാക്കുക, നികുതിശേഖരണം ഉറപ്പാക്കുകയും നികുതി വലയത്തിൽ വരാത്തവരെ കണ്ടെത്തുകയും ചെയ്യുക തുടങ്ങി ഒന്നിലധികം ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് ഐ പി എം എസ് പ്രവർത്തിക്കുന്നത്. വടകര ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഐ ടി വിഭാഗമായ യു എൽ ടെക്‌നോളജി സൊല്യുഷൻ ( യൂ എൽ ടീ എസ്) പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന മെഗാ എക്‌സിബിഷനിലെ തലശ്ശേരി നഗരസഭയുടെ സ്റ്റാളിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു.
ഉപഗ്രഹ/ഡ്രോൺ ചിത്രങ്ങളുടെ സഹായത്തോടെ റോഡുകൾ, നദികൾ, ഭൂവിനി യോഗം എന്നിവയുടെ വിശദമായ മാപ്പുകൾ, മുൻസിപ്പൽ അതിർത്തി, പഞ്ചായത്ത് അതിർത്തി എന്നിവ പോലുള്ള ഭരണപരമായ അതിരുകൾ എന്നിവ ഇതിൽ ലഭ്യമാണ്. അതിരുകളിലും മറ്റും ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ കൂട്ടിച്ചേർക്കാൻ ഉള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്കാവശ്യമായ രീതിയിൽ മാപ്പ് കാണാൻ കഴിയും. അവർക്കാവശ്യമായ സേവനങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അടുത്തുള്ള ആശുപത്രികൾ, ഹെൽത്ത് സെന്റർ, സ്‌കൂളുകൾ, പബ്ലിക് ടോയ്‌ലറ്റുകൾ, പാർക്കിംഗ് സൗകര്യം തുടങ്ങിയ ലാൻഡ് മാർക്കുകൾ ലഭ്യമാവുകയും ചെയ്യും. ജി പി എസ് സർവേ ഉപയോഗിച്ചാണ് നികുതി നിർണയത്തിന് ആവശ്യമായ കെട്ടിടത്തിന്റെ സ്ഥാനം, കെട്ടിട നമ്പർ, ഉടമസ്ഥന്റെ പേര്, മുറികളുടെ എണ്ണം, വിസ്തീർണം തുടങ്ങിയ അമ്പതോളം വിവരങ്ങൾ ശേഖരിക്കുന്നത്. ജനങ്ങൾക്ക് വൈദ്യുതി, തെരുവുവിളക്കുകൾ എന്നിവ സംബന്ധമായ പരാതികൾ നഗരസഭയെയേും അതത് സ്ഥാപനങ്ങളെയും അറിയിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ വളരെ അടുത്തുള്ള എമർജൻസി സേവനങ്ങൾ കണ്ടുപിടിക്കാനും ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. നിലവിലെ ടാക്സിന്റെ സ്റ്റാറ്റസ് മനസ്സിലാക്കാൻ ആവശ്യമായ സെൽഫ് അസെസ്‌മെന്റ് ഫോറവും ഇവിടെ ലഭ്യമാണ്.
- Log in to post comments