നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെയും കലാഗ്രാമത്തിന്റെയും നിര്‍മാണം അവസാന ഘട്ടങ്ങളിലേക്ക്
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതപ്പുഴയുടെ തീരത്ത് ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെയും കലാഗ്രാമത്തിന്റെയും നിര്‍മാണം അവസാന ഘട്ടങ്ങളിലേക്ക്. കെട്ടിട നിര്‍മാണം പൂര്‍ത്തിയ നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ ക്യൂറേഷന് പ്രവൃത്തികളുടെ ഉദ്ഘാടനം ഈ മാസം (ഫെബ്രുവരി ) 19 ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും.
സ്പീക്കര്‍ വിഭാവനം ചെയ്ത ഈ പദ്ധതി ഭാരതപ്പുഴയുടെ ഉത്ഭവം മുതല്‍ വന്നേരി നാട് മുതല്‍ വള്ളുവനാട് വരെ നീളുന്ന സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പാണ് ലക്ഷ്യമിടുന്നത്. നിളയുടെ ചരിത്ര സാംസ്കാരിക പൈതൃകവും പൊന്നാനിയുടെ കലാ സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് അനുഭവേദ്യമാകുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിക്കുന്നത്. 2016 ലാണ് നിര്‍മ്മാണം ആരംഭിച്ചത്. രണ്ടേക്കറില്‍ 17,000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ ചുമതല ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടീവ് സൊസൈറ്റിക്കാണ്. ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുമാണ് മ്യൂസിയത്തിന്റെ നിര്‍മാണം. രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. കാഴ്ചാ പരിമിതര്‍ക്ക് സുഗമമായി നടക്കുന്നതിന് മാര്‍ഗദര്‍ശന ടാക്ട് ടൈലും നിലത്ത് പതിച്ചിട്ടുണ്ട്. ഓരോ ഇടത്തും തയ്യാറാക്കിയ കിയോസ്കുകളിലൂടെ നയനേതര കാഴ്ചക്കാര്‍ക്ക് മ്യൂസിയത്തിലെ കാഴ്ചകള്‍ ഗ്രഹിക്കുവാനും ആസ്വദിക്കുവാനും കഴിയും.
- Log in to post comments