ബ്രഹ്മപുരം തീപിടുത്തം: സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ വികസനസമിതി
കാക്കനാട്: ബ്രഹ്മപുരത്ത് അടിക്കടിയുണ്ടാകുന്ന തീപിടുത്തം സംബന്ധിച്ച് സമഗ്രമായ പോലീസന്വേഷണം വേണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗം ആവശ്യപ്പെട്ടു. പ്രദേശത്തോടുചേര്‍ന്ന് 25 കിലോമീറ്റര്‍ ചുറ്റളവുവരെ പുകയും ദുര്‍ഗന്ധവും പരക്കുന്നുണ്ട്. മാലിന്യത്തില്‍നിന്നും പാചകവാതകമുണ്ടാക്കാനുള്ള ബൃഹദ് പദ്ധതിയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടിരുന്നു. വികസന നടപടികള്‍ മുന്നേറുന്നതിനിടെയുള്ള ദുരന്തം ആസൂത്രിതമാണോയെന്ന കാര്യം ആലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നെല്‍വയല്‍- തണ്ണീര്‍ത്തട നിയമഭേദഗതി സംബന്ധിച്ച അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങള്‍ റവന്യൂ, കൃഷ്വകുപ്പ് അധികൃതര്‍ ത്വരിതപ്പെടുത്തണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമായതിനാല്‍ എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. കരാറുകാരുടെ കൃത്യമായി സൂക്ഷ്മപരിശോധന നടത്തി നിഷ്‌ക്രിയത്വം ഒഴിവാക്കണം. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നവരെ കരിമ്പട്ടികയിലുള്‍പ്പെടുത്തണം. ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജലവിതരണത്തിന് ത്രിതല പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കാനുള്ള അനുമതി നല്‍കണം. മൂവാറ്റുപുഴ നഗരവികസനം, ബൈപ്പാസ് പ്രവര്‍ത്തികള്‍ കിഫ്ബിയിലുള്‍പ്പെടുത്തി ചെയ്യുന്ന കാര്യം ആലോചിക്കണം. പ്രളയവുമായി ബന്ധപ്പെട്ടുംമറ്റും നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനുശേഷം വരുന്ന എസ്എസ്എല്‍സി പരീക്ഷയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോടാവശ്യപ്പെട്ടു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായം, പുനര്‍നിര്‍മാണം തുടങ്ങിയവയിലെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
കുടുംബശ്രീയുടെ റിസര്‍ജന്‍റ് കേരള വായ്പാ നടപടികള്‍ സുതാര്യമാക്കണമെന്ന് പി.ടി.തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പമ്പിങ് ശാസ്ത്രീയമാക്കണം. ബ്രഹ്മപുരം പ്രശ്‌നത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം വേണം. ജില്ലയില്‍ നിര്‍മാണച്ചട്ടങ്ങള്‍ക്കു വിരുദ്ധമായി പണിതിട്ടുള്ള കെട്ടിടങ്ങള്‍ക്കെതിരെ നടപടി വേണം. ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന് ആധുനികസുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം.
ഫോര്‍ട്ടുകൊച്ചി വില്ലേജില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പട്ടയവിതരണം യാഥാര്‍ത്ഥ്യമാക്കണമെന്ന് കെ.ജെ.മാക്‌സി എംഎല്‍എ ആവശ്യപ്പെട്ടു. പതിവു കമ്മറ്റി യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് പട്ടയവിതരണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
ചൂണ്ടി- രാമമംഗലം റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്ന നടപടികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും കാലതാമസം ഒഴിവാക്കണമെന്നും വി.പി.സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കൂവപ്പടി ഗ്രാമ പഞ്ചായത്തു നിവാസികള്‍ക്ക് യഥാസമയം പ്രളയദുരിതാശ്വാസത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു. കാലടി സമാന്തര റോഡ് ഡിസൈനിങ്ങും പെരുമ്പാവൂര്‍ ബൈപ്പാസ് നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കണം. വെങ്ങോല മൃഗാശുപത്രിയില്‍ ഉടന്‍ ഡോക്ടറെ നിയമിക്കണം. പൊങ്ങന്‍ചുവട് കോളനിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആനശല്യം പരിഹരിക്കാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണം. ഇതരസംസ്ഥാനത്തൊഴിലാളികള്‍ ആവാസ് രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ലിറ്റി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments